കോന്നി|
ജോൺസി ഫെലിക്‌സ്|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2020 (17:19 IST)
സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് കോന്നിയിൽ ആരംഭിക്കുന്ന ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കണമെന്ന് തീരുമാനമായി. അഡ്വ. കെ.യു.
ജനീഷ് കുമാർ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റ് സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്. തിരുവനന്തപുരം, ഏറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് നിലവിൽ ലബോറട്ടറി പ്രവർത്തിക്കുന്നത്. കോന്നി നിയോജക മണ്ഡലത്തിൽ അരുവാപ്പുലം പഞ്ചായത്തിൽ നെടുംപാറയിൽ ഗവ.മെഡിക്കൽ കോളേജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിർമ്മിക്കുന്നത്.ചീഫ് ഗവ. അനലിസ്റ്റായിരിക്കും ലാബിൻ്റെ മേലധികാരി.
3.8 കോടി രൂപ മുടക്കി മൂന്നു നിലയിലായി നിർമ്മിക്കുന്ന 16000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടത്തിൻറെ നിർമ്മാണം 2019 നവംബർ മാസത്തിലാണ് ആരംഭിച്ചത്. 60000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും നിർമ്മാണം പൂർത്തിയായി വരുന്നു.താഴെ നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, ലൈബ്രറി, സ്റ്റോർ, ഡയനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് നിർമ്മിക്കുന്നത്.
മെഡിക്കൽ ഉപകരണങ്ങളുടെ ക്വാളിറ്റി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബായാണ് കോന്നി മാറാൻ പോകുന്നത്. ഇൻസ്ട്രമെൻ്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി നാല് ലാബുകളാണ് പ്രവർത്തനം ആരംഭിക്കുക. ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റിലെ എൻഫോഴ്സ്മെൻറ് വിഭാഗം വിവിധ സ്ഥലങ്ങളിൽ നിന്നു ശേഖരിക്കുന്ന അലോപ്പതി, ആയുർവേദ മരുന്നുകളും, കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങളും ഈ ലാബിലാണ് പരിശോധിക്കപ്പെടുക. ലാബ് ആരംഭിക്കുന്നതോടെ നൂറോളം ജീവനക്കാർ ഇവിടെ ജോലിക്കായി എത്തും. ലബോറട്ടറികൾക്ക് അക്രഡിറ്റേഷൻ നല്കുന്ന നാഷണൽ അക്രഡിറ്റേഷൻ ബോർഡിൽ നിന്നും കോന്നി ലാബിനും നിർമ്മാണം പൂർത്തിയാക്കിയ ശേഷം അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്.ഇതിനാവശ്യമായ പ്രവർത്തനം ഡ്രഗ് കൺട്രോളർ ഓഫീസ് നടത്തണമെന്ന് യോഗം തീരുമാനിച്ചു.
ലബോറട്ടറിയുടെ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കി വർക്ക് ടെൻഡർ ചെയ്യാൻ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തി. പുതിയ തസ്തിക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ ഗവൺമെൻ്റിൽ സമർപ്പിക്കാനും, അഡീഷണൽ ഫണ്ടിനുള്ള പ്രൊപ്പോസൽ നല്കാനും ഡ്രഗ്സ് കൺട്രോളറെ ചുമതലപ്പെടുത്തി. ഇലക്ട്രിക്കൽ ജോലികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടി നടത്താൻ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തെയും ചുമതലപ്പെടുത്തി.
സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ ഒരു ഉദ്യോഗസ്ഥ സമിതിയേയും യോഗം ചുമതലപ്പെടുത്തിയതായി എം.എൽ.എ പറഞ്ഞു.ഡ്രഗ് കൺടോളർ ഡിപ്പാർട്ട്മെൻ്റിലെ അനലിസ്റ്റ്, പൊതുമരാമത്ത് കെട്ടിടവിഭാഗത്തിലെയും, ഇലക്ട്രിക്കൽ വിഭാഗത്തിലെയും എ.ഇമാർ, കോൺട്രാക്ടറുടെ പ്രതിനിധി എന്നിവരുൾപ്പെടുന്ന കമ്മറ്റി രണ്ടാഴ്ച്ചയിലൊരിക്കൽ നിർമ്മാണപുരോഗതി വിലയിരുത്തും. കൂടാതെ എം.എൽ.എയും, ഡ്രഗ് കൺട്രോളറും മാസം തോറും പ്രവർത്തനങ്ങൾ പരിശോധിക്കാനും തീരുമാനിച്ചു.
കേരളത്തിനു തന്നെ അഭിമാനമാകാൻ പോകുന്ന ഒരു ഡ്രഗ് ടെസ്റ്റിംഗ് ലാബ് സമുച്ചയമാണ് യാഥാർത്ഥ്യമാകാൻ പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.പ്രവർത്തനങ്ങൾ കൃത്യ സമയത്ത് പൂർത്തീകരിക്കാനാവശ്യമായ കൂട്ടായ പ്രവർത്തനമാണ് നടന്നു വരുന്നതെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയോടൊപ്പം ഡ്രഗ്സ് കൺട്രോളർ കെ.ജെ.ജോൺ, ഗവ. അനലിസ്റ്റ് റ്റി.എസ്.കൃഷ്ണകുമാർ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ.ഹരീഷ് കുമാർ, അസിസ്റ്റൻ്റ് എഞ്ചിനീയർ കെ.യു. അൻജു, കോൺട്രാക്ടർ സപ്രു.കെ.ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.