സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 1 ജൂണ്‍ 2022 (20:06 IST)
മഴക്കാലത്തു സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 1800-425-7771 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം.
കെ.എസ്.ടി.പി. ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മുഖേനയാണു ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം. മഴക്കാലത്തു ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നിന്നു പരിഹരിക്കാനുള്ള ഫീല്‍ഡ് തല പ്രവര്‍ത്തനമാണു ടാസ്‌ക് ഫോഴ്‌സിന്റെ ഉദ്ദേശ്യമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു മന്ത്രി പറഞ്ഞു.
കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സിനെ അറിയിക്കും. സ്ഥിരമായ പ്രശ്‌നപരിഹാരം സാധ്യമല്ലെങ്കില്‍ താത്കാലിക പരിഹാരം ഉറപ്പാക്കും. 48 മണിക്കൂറില്‍ പ്രശ്‌ന പരിഹാരം ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്‌സിനു കഴിയുമെന്നു മന്ത്രി പറഞ്ഞു.