വാങ്ങിയത് പത്ത് ടിക്കറ്റുകള്‍, എട്ടെണ്ണം വിറ്റു; വില്‍ക്കാതിരുന്ന രണ്ട് ടിക്കറ്റുകളില്‍ ഒന്നിന് അഞ്ച് കോടി ! കോളടിച്ച് യാക്കോബ്

രേണുക വേണു| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (09:15 IST)

പൂജാ ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത് RA 591801 എന്ന ടിക്കറ്റ് നമ്പറിനാണ്. കൂത്താട്ടുകുളം സ്വദേശിയായ യാക്കോബ് ആണ് അഞ്ച് കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ ഉടമ. കൂത്താട്ടുകുളത്തെ കാനറ ബാങ്ക് ശാഖയില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് യാക്കോബ് ഏല്‍പ്പിച്ചു.

ലോട്ടറി ചില്ലറ വില്‍പ്പനക്കാരനാണ് കിഴകൊമ്പ് മോളേപറമ്പില്‍ ജേക്കബ് കുര്യന്‍ എന്ന യാക്കോബ്. സുരക്ഷാ ഭയത്തെ തുടര്‍ന്നാണ് കോടി ഭാഗ്യം യാക്കോബ് പുറത്തുപറയാതിരുന്നത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യാക്കോബ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നറിയുന്നത്. ബാങ്കുകാരും നാട്ടുകാരുമെത്തിയപ്പോഴും കോടിപതിയെ താനും കാത്തിരിക്കുകയാണെന്നാണ് യാക്കോബ് ആദ്യം പറഞ്ഞത്.

കൂത്താട്ടുകുളത്തെ സീയാന്റെസ് ഏജന്‍സിയില്‍ നിന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് യാക്കോബിനെ വിളിച്ച് സമ്മാനാര്‍ഹമായ ടിക്കറ്റ് സംബന്ധിച്ച വിവരമറിയിച്ചിരുന്നു. ഏജന്‍സിയില്‍ നിന്ന് പത്ത് ടിക്കറ്റുകള്‍ വാങ്ങിയത് മുഴുവനും വിറ്റു എന്നാണ് യാക്കോബ് അവരോടും പറഞ്ഞത്. സമ്മാനം കൈയിലുണ്ടെന്ന് അതിനകം യാക്കോബ് ഉറപ്പാക്കിയിരുന്നു. ആര്‍.എ. സീരീസിലുള്ള 10 ടിക്കറ്റുകളടങ്ങിയ ഒരു ബുക്കാണ് യാക്കോബ് വില്പനയ്ക്കായി വാങ്ങിയത്. ഇതില്‍ രണ്ട് ടിക്കറ്റുകള്‍ ബാക്കി വന്നതില്‍ ഒന്നിനാണ് സമ്മാനം ലഭിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :