സംസ്ഥാനത്തിന്റെ വായ്പാപരിധിയും ഗ്രാന്റും വീണ്ടും കേന്ദ്രം വെട്ടിക്കുറച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 മെയ് 2023 (19:11 IST)
സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി, റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡ് എന്നീ ഇനങ്ങളില്‍ 20,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ 2023-24 സാമ്പത്തികവര്‍ഷം വെട്ടിക്കുറച്ചതായി സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 32,000 കോടി രൂപയെങ്കിലും വായ്പാപരിധി പ്രതീക്ഷിച്ചിടത്ത് വെറും 15,390 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇത് സംസ്ഥാനത്തിന് അര്‍ഹമായതിന്റെ പകുതി മാത്രമാണ്. ഇതിനുപുറമേയാണ് റവന്യു ഡെഫിസിറ്റ് ഗ്രാന്റില്‍ 10,000 കോടി രൂപയുടെ കുറവ് വരുത്തിയത്.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്നും ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷങ്ങളായി 40,000 കോടിയില്‍പ്പരം രൂപയുടെ കുറവാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. ഇതിന് പുറമെയാണ് പുതിയ വെട്ടിക്കുറവ്.

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ 22,000 കോടി രൂപയാണ് സംസ്ഥാനം വായ്പാപരിധി പ്രതീക്ഷിച്ചത്. എന്നാല്‍ മൊത്തം വര്‍ഷത്തേക്ക് നിശ്ചയിച്ച പരിധിയാകട്ടെ 15390 കോടി രൂപ മാത്രവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :