അഭിറാം മനോഹർ|
Last Modified വെള്ളി, 13 ഡിസംബര്‍ 2024 (12:10 IST)
വിവാഹേതരബന്ധത്തിന്റെ പേരില്‍ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ പങ്കാളിയില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി. എന്നാല്‍ വിവാഹമോചനത്തിന് ഇത് മതിയായ കാരണമാകുമെന്നും കോടതി വ്യക്തമാക്കി. ആധുനിക കാലത്തെ നിയമങ്ങള്‍ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ വിശ്വസ്തതയുടെ ഉടമയായി പങ്കാളിയെ അംഗീകരിക്കുന്നില്ലെന്നും വൈവാഹിക തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം വേറെയാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിവാഹം നിലനില്‍ക്കെ മറ്റൊരാളുമായി ഭാര്യ അടുപ്പത്തിലായതിനാല്‍ ഭര്‍ത്താവിനുണ്ടായ മനോവ്യഥയ്ക്കും മാനക്കേടിനും 4 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച തിരുവനന്തപുരം കുടുംബക്കോടതി വിധി റദ്ദാക്കികൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.വ്യക്തിനിയമങ്ങളില്‍ അധിഷ്ഠിതമായി സിവില്‍ കരാര്‍ പ്രകാരമുള്ള പവിത്രമായ ബന്ധമായാണ് ഇന്ത്യ വിവാഹങ്ങള്‍ കണക്കാക്കുന്നത്. അതിന്റെ പേരില്‍ പങ്കാളിയുടെ മേല്‍ ഉടമസ്ഥത ലഭിക്കില്ല. നഷ്ടപരിഹാര ക്ലെയിം അംഗീകരിച്ചാല്‍ പങ്കാളിയുടെ വിശ്വസ്തത ഭാര്യയ്ക്ക്/ ഭര്‍ത്താവിന് അവകാശപ്പെട്ടതാണെന്ന ചിന്ത ശക്തിപ്പെടുമെന്നും വിവാഹേതര ബന്ധം അധാര്‍മികമാണെങ്കിലും ക്രിമിനല്‍ കുറ്റമല്ലെന്നും കോടതി വ്യക്തമാക്കി.