സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 13 ഡിസംബര്‍ 2024 (11:10 IST)
വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിധി ന്യായങ്ങളില്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ വിലയിരുത്തുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇത് പുരുഷ നിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എംബി സ്‌നേഹതയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. മാവേലിക്കര കുടുംബകോടതി ഉത്തരവിനെതിരെ രണ്ടു കുട്ടികളുടെ മാതാവായ യുവതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ധരിക്കുന്ന വസ്ത്രം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച കേസിലാണ് വിധി. വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണെന്നും അത് കോടതിയുടെ മോറല്‍ പോലീസിങ്ങിന് വിധേയമാക്കേണ്ടതില്ലെന്നും വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിധി ന്യായങ്ങളില്‍ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. വിവാഹമോചിതയായ യുവതി ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ചും പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചെന്നും ആരോപിച്ചാണ് കുട്ടികളുടെ കസ്റ്റഡി കുടുംബ കോടതി നിഷേധിച്ചത്.