രേണുക വേണു|
Last Modified വെള്ളി, 13 ഡിസംബര്‍ 2024 (10:36 IST)
ഡിസംബര്‍ ആണെങ്കിലും കേരളത്തിലെ കാലാവസ്ഥ മഴക്കാലത്തിനു തുല്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ തോതിലെങ്കിലും മഴ ലഭിക്കുന്നുണ്ട്. മധ്യ/തെക്കന്‍ കേരളത്തിലാണ് മഴ കൂടുതലായി ലഭിക്കുന്നത്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് മിക്കയിടങ്ങളിലും പകല്‍ സമയത്തെ താപനിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മന്നാര്‍ കടലിടുക്കില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് ഇപ്പോഴത്തെ കാലാവസ്ഥ മാറ്റത്തിനു കാരണം. ന്യൂനമര്‍ദ്ദം കന്യാകുമാരി തീരത്തേക്ക് എത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി തമിഴ്‌നാട്ടില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. തെക്കന്‍ തമിഴ്‌നാടിനു മുകളിലൂടെ സഞ്ചരിച്ച് ശക്തി കുറഞ്ഞ ശേഷം ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിക്കും. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തിലെ അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പ്രദേശങ്ങളില്‍ കുറഞ്ഞ സമയം കൊണ്ടു വലിയ മഴയുണ്ടാകുന്ന രീതിയാണു പ്രതീക്ഷിക്കുന്നത്. അതു മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.