സിആര്‍ രവിചന്ദ്രന്‍|
Last Updated:
തിങ്കള്‍, 21 ഫെബ്രുവരി 2022 (16:35 IST)
ഉപ്പിലിട്ട ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറുടെ ഉത്തരവ്.വഴിയോരങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഉപ്പിലിട്ട മാങ്ങ, പൈനാപ്പിള്‍, നെല്ലിക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.
ഉപ്പിലിട്ടവ നിര്‍മിക്കുന്നതിനുള്ള വിനാഗിരി, സുര്‍ക്ക എന്നിവയുടെ ലായനികള്‍ ലേബലോടു കൂടി മാത്രമേ കടകളില്‍ സൂക്ഷിക്കാന്‍ പാടുള്ളു. കൂടാതെ വിനാഗിരി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലേഷ്യല്‍ അസെറ്റിക് ആസിഡ് കടകളില്‍ സൂക്ഷിക്കുന്നതിന് വിലക്കേര്‍പ്പെടിത്തിയിട്ടുമുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ഉപ്പിലിട്ട ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും വെള്ളം എന്ന് തെറ്റിദ്ധരിച്ച് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ലായനി കുടിച്ച് രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത്.