അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (15:40 IST)
തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ രണ്ടുവയസ്സുകാരിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയുമാണ് ഇന്നലെ അർധരാത്രി കുഞ്ഞുമായി ആശുപത്രിയിലെത്തിയത്.അബോധാവസ്ഥയിലുള്ള കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തലയിൽ ക്ഷതമുള്ളതായി കണ്ടെത്തിയത്. കുഞ്ഞ് വീണു തലയ്ക്കു പരുക്കേറ്റു എന്നാണ് അമ്മ പറഞ്ഞത്. വീട്ടുകാരുടെ മൊഴിയിൽ സംശയം തോന്നി ഡോക്ടർമാർ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചെങ്കിലും പറഞ്ഞത് തന്നെ വീട്ടുകാര്‍ ആവര്‍ത്തിച്ചു.
തുടർന്ന് പോലീസെത്തി അമ്മയുടെയും മുത്തശ്ശിയുടെയും മൊഴി രേഖപ്പെടുത്തി. ഇരുവരുടെയും മൊഴികളിലുള്ള പൊരുത്തക്കേടുകളുണ്ടെന്ന് പോലീസ് പറയുന്നു.കുട്ടി ഹൈപ്പർ ആക്ടീവാണെന്നും സ്വയം പരിക്കേൽപ്പിച്ചതാണെന്നുമാണ് ഇവർ പോലീസിന് മൊഴി നൽകിയത്.
ഇത് വിശ്വസനീയമാണെന്ന് തോന്നാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനച്ഛന്‍ മര്‍ദ്ദിച്ചുവെന്ന് മനസ്സിലായത്. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.