ശ്രീനു എസ്|
Last Updated:
ഞായര്‍, 15 നവംബര്‍ 2020 (13:12 IST)
കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ് പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിന് ഇഡ്രോപ്പ് എന്ന പേരില്‍ സമഗ്ര ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നേരിട്ട് ബന്ധപ്പെടുന്നതിന് പകരം ഓണ്‍ലൈന്‍ വഴി ഓരോ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാനുള്ള ക്രമീകരണമാണ് ഇഡ്രോപ്പ് സോഫ്റ്റ്വെയറിലുള്ളത്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് ഇലക്ഷന്‍ കമ്മീഷന് വേണ്ടി സോഫ്റ്റവെയര്‍ വികസിപ്പിച്ചത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.edrop.gov.in എന്ന വെബ്സൈറ്റില്‍ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്/നഗരസഭ ഉദ്യോഗസ്ഥര്‍ ലോഗിന്‍ ചെയ്ത് അതത് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ആദ്യം എന്‍ട്രി നടത്തണം. ഓരോ സ്ഥാപനത്തിന്റെ പേരും താലൂക്കും മൊത്തം ജീവനക്കാരുടെയും നിലവിലുള്ള ജീവനക്കാരുടെയും എണ്ണവും നല്‍കിയാല്‍ അതത് സ്ഥാപന മേധാവിക്ക് നല്‍കേണ്ട കവറിങ് ലെറ്ററും യൂസര്‍ ഐ.ഡി.യും പാസ് വേഡും ലഭിക്കും. ഈ യൂസര്‍ ഐ.ഡി.യും പാസ് വേഡും ഉപയോഗിച്ചാണ് സ്ഥാപന മേധാവികള്‍ അവിടെയുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്.