കൊവിഡ് സാഹചര്യത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ ഉത്തരവിറക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (07:55 IST)
കോവിഡ് ഗുരുതരമായ സാഹചര്യത്തില്‍
വിവാഹം, മരണാനന്തരചടങ്ങുകള്‍, മറ്റ് സാമൂഹ്യ ചടങ്ങുകള്‍, രാഷ്ട്രീയ ചടങ്ങുകള്‍ തുടങ്ങി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുസംബന്ധിച്ച ചൊവ്വാഴ്ച നടന്ന സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. കോവിഡ് വ്യാപനം തടയാന്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും തീരുമാനിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ സ്ഥിതി സങ്കീര്‍ണമാവാനാണ് സാധ്യത. അണികളെ ജാഗ്രതപ്പെടുത്താന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം. സമരങ്ങള്‍ക്ക് നിയന്ത്രണം വേണ്ടിവരും. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കമ്പോളങ്ങളിലും റീട്ടെയില്‍ വ്യാപാരസ്ഥാപനങ്ങളിലും ഒന്നാം ഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത ഇപ്പോഴില്ല. കോവിഡിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കളുടെ ഇടപെടലും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :