കേരളത്തില്‍ ഇന്നുമുതല്‍ പുതുക്കിയ നിയന്ത്രണങ്ങള്‍; അറിഞ്ഞിരിക്കേണ്ടതെല്ലാം

രേണുക വേണു| Last Updated: വ്യാഴം, 1 ജൂലൈ 2021 (08:12 IST)

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഇന്നുമുതല്‍ പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. മാറിയ രോഗ സ്ഥിരീകരണ നിരക്ക് അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ ഒരാഴ്ചത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രോഗവ്യാപനം താഴ്ന്നില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ നീട്ടും. രാജ്യത്ത് ഏറ്റവുമുയര്‍ന്ന പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനമാണ് കേരളം.

ടി.പി.ആര്‍. (രോഗസ്ഥിരീകരണ നിരക്ക്) കണക്കാക്കി പ്രാദേശിക തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ ടി.പി.ആര്‍. ആറ് ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളാണ് 'എ' വിഭാഗത്തിന്റെ പരിധിയില്‍ വരിക. ടി.പി.ആര്‍. ആറ് ശതമാനത്തില്‍ കുറവുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും.

ആറിനും പന്ത്രണ്ടിനും ഇടയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങള്‍ 'ബി' വിഭാഗത്തില്‍ ഉള്‍പ്പെടും. ഇവിടങ്ങളില്‍ സെമി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.

പന്ത്രണ്ടിനും പതിനെട്ടിനും ഇടയില്‍ ടി.പി.ആര്‍. ഉള്ള പ്രദേശങ്ങള്‍ 'സി' വിഭാഗത്തില്‍ വരും. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഇത്തരം പ്രദേശങ്ങളില്‍.

പതിനെട്ട് ശതമാനത്തില്‍ കൂടുതല്‍ ടി.പി.ആര്‍. ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി 'ഡി'യില്‍ ഉള്‍പ്പെടും. ഡി വിഭാഗത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളായിരിക്കും. ടി.പി.ആര്‍. 24 നു മുകളിലുണ്ടായിരുന്ന പ്രദേശങ്ങളാണ് നേരത്തെ ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ 18 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍. ഉള്ള പ്രദേശങ്ങളെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പരിധിയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള പ്രദേശങ്ങളില്‍ അത്യാവശ്യ കടകള്‍ മാത്രം തുറക്കാനുള്ള അനുമതിയേ ഉള്ളൂ. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളില്‍ വാഹനഗതാഗതം അനുവദിക്കില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :