കതിരൂര്‍ മനോജ് കൊലക്കേസ്: ഒന്നാം പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

കണ്ണൂര്‍| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (19:06 IST)
കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി വിക്രമനെതിരെ ലുക്കൗട്ട് നോട്ടീസ്. ക്രൈംബ്രാഞ്ചാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കണ്ണൂര്‍ കിഴക്കേ കതിരൂര്‍ സ്വദേശിയാണ് വിക്രമന്‍.

വിക്രമനടക്കം എട്ടു പേരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയലും നിരോധനവുമെന്ന യുഎപിഎ നിയമമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്.

കേസില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. തലശ്ശേരി കതിരൂരില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇളംതോട്ടത്തില്‍ മനോജ് വെട്ടേറ്റ് മരിച്ചത്. മനോജ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഒരു സംഘം ബോംബെറിയുകയും തുടര്‍ന്ന് റോഡരികില്‍ നിന്ന് ബോംബെറിഞ്ഞ സംഘം ഇയാളെ വെട്ടിക്കൊല്ലുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :