കണ്ണൂര്‍ കൊലപാതകം എന്‍‌ഐ‌എ അന്വേഷിച്ചേക്കും!

കണ്ണൂര്‍| VISHNU.NL| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (08:32 IST)
കണ്ണൂര്‍ കൊലപാതക കേസില്‍ പ്രതികള്‍ക്കെതിരേ പൊലീസ് യു‌എ‌പി‌അ നിയമത്തിലെ വകുപ്പുകള്‍കൂടി ചുമത്തിയതോടെ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാനുള്ള വഴിതെളിഞ്ഞു. നിലവില്‍ സംസ്ഥാനത്തേ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല.

പ്രതികള്‍ക്കെതിരേ യുഎപിഎയിലെ 15(1) വകുപ്പനുസരിച്ചാണ് കേസെടുത്തത്. ഒരുപ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ഭീതിജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള അക്രമത്തെ ഭീകരപ്രവര്‍ത്തനമായാണ് 15 എന്ന വകുപ്പ് കണക്കാക്കുന്നത്.

ബോംബ്, ഡയനാമറ്റ്, സ്‌ഫോടകവസ്തുക്കള്‍, തീപ്പിടിക്കാവുന്ന സാധനങ്ങള്‍, മാരകായുധങ്ങള്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് ഒരു വ്യക്തിക്കോ വ്യക്തികള്‍ക്കോ മരണമോ പരിക്കോ ഉണ്ടായാല്‍ ഭീകരപ്രവര്‍ത്തനത്തില്‍പ്പെടുത്തി ശിക്ഷനല്കാമെന്നാണ് 15(1) വകുപ്പില്‍ പറയുന്നത്.

ഇതു പ്രകാരം അറസ്റ്റിലായാല്‍ ആറുമാസം വരെ ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറാകില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ച്ചയായി സിപി‌മ്മിനെതിരായ കേസുകള്‍ നല്‍കുന്നത് അവരെ മാനസിക സമ്മര്‍ദ്ധത്തില്‍ ആക്കുന്നുണ്ട് എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കേസ് ദേശ്ശിയ ഏജന്‍സികള്‍ ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്.

കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെ യുഎപിഎ. (നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്ന നിയമം) അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റംചുമത്തിയുള്ള വകുപ്പും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. ഈ കുറ്റം ചുമത്തിയാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് നേരിട്ട് കേസ് ഏറ്റെടുക്കാം. രാഷ്ട്രീയകൊലപാതകക്കേസില്‍ ദേശവിരുദ്ധക്കുറ്റം ചുമത്തുന്നത് ഇതാദ്യമാണ്.

കേസ് സിബിഐക്കു വിടണമെന്ന് ബിജെപി നേതൃത്വം ശക്തമായി വാദിക്കുന്നുണ്ട്. എന്നാല്‍ യു‌എപി‌എ വകുപ്പ്കൂടി ചുമത്തിയിരിക്കുന്നതിനാല്‍ ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിക്കണമെന്നാണ് നിയമം. തുടര്‍ന്ന് കേസ് ഏറ്റെടുക്കണോ വേണ്ടയോ എന്ന് അവര്‍ അറിയിക്കും.

എന്‍ഐഎ അന്വേഷണത്തെ ബിജെപി. തള്ളിപ്പറയാനിടയില്ല. അതിനാല്‍ കേസില്‍ നിന്ന് സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് തലയൂരാനുമാകും. ദേശീയ അന്വേഷണ ഏജന്‍സിക്ക് കേസേറ്റെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല എന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് പിന്നീട് ഇക്കാര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ നടത്താന്‍ സാധിക്കുകയില്ല.

എന്‍‌ഐ‌എ ഏറ്റെടുത്തില്ലെങ്കില്‍ കേസ് സിബിഐക്കു വിടുന്നതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി സൂചനയുണ്ട്. സംസ്ഥാന പൊലീസിലെ ഉന്നതരും ഇതിനൊട് യോജിപ്പ് പ്രകടിപ്പിച്ചതായാണ് സൂചന.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :