ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ മുറിച്ചത് കാലിലെ ഞരമ്പ്; ദുരിതത്തിലായി പത്തു വയസ്സുകാരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2024 (15:01 IST)
ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ കാലിലെ ഞരമ്പ് മുറിച്ചതുമൂലം ദുരിതത്തിലായിരിക്കുകയാണ് പത്തു വയസ്സുകാരന്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പുല്ലൂര്‍ പെരളത്തെ വി അശോകന്റെ പത്ത് വയസുകാരനായ മകന്‍ ആദിനാഥാണ് ശാസ്ത്രക്രിയ നടത്താന്‍ ആശുപത്രിയില്‍ എത്തിയത്. ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോക്ടര്‍ വിനോദ് കുമാറാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. സെപ്റ്റംബര്‍ 19നാണ് ശസ്ത്രക്രിയ നടന്നത്. ചികിത്സാ പിഴവിനെ തുടര്‍ന്ന് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ചികിത്സാ ചിലവ് താന്‍ വഹിക്കാമെന്ന് ഡോക്ടര്‍ കുട്ടിയുടെ പിതാവിനെ അറിയിച്ചിരുന്നു.

എന്നാല്‍ ശസ്ത്രക്രിയ മുറിവ് ഉണങ്ങിയതല്ലാതെ അറ്റുപോയ പ്രധാന ഞരമ്പ് തുന്നിച്ചേര്‍ക്കുകയോ ഹെര്‍ണിയശാസ്ത്രക്രിയ നടത്തുകയോ ചെയ്തില്ലെന്ന് രക്ഷിതാക്കള്‍ പരാതി പറയുന്നു. ഇതിനുശേഷം ഡോക്ടര്‍ ഒരിക്കല്‍ പോലും വിളിച്ചു ചോദിക്കുക പോലും ചെയ്തിട്ടില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. കുട്ടിക്ക് ആറുമാസം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. പരസഹായം ഇല്ലാതെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കുട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :