കണ്ണൂര്‍ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു

കണ്ണൂര്‍ കൊലപാതകം, ആര്‍എസ്എസ്, സിപി‌എം
തലശേരി| VISHNU.NL| Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (08:03 IST)

കണ്ണുരിലെ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കതിരൂര്‍ സ്വദേശികളായ വിക്രമന്‍, വിഡിയോഗ്രഫര്‍ എന്‍ ജിതിന്‍ എന്നിവര്‍ കൊലയാളി സംഘത്തിലുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ടികെ രജീഷ് നല്‍കിയ മൊഴിയില്‍ പറഞ്ഞ
വിക്രമന്‍ തന്നെയാണ് ഈ കൊലപാതകത്തിലും ഉള്‍പ്പെട്ടിട്ടുള്ളതെന്നു പൊലീസ് സ്ഥിരീകരിച്ചു. മനോജ് കൊല്ലപ്പെട്ട തിങ്കളാഴ്ച ഉച്ചമുതല്‍ വിക്രമനെ പൊലീസ് തിരയുന്നുണ്ട്.

ഇയാള്‍ സംസ്ഥാനം വിട്ടതായാണു സൂചന. ഇന്നലെയാണു വിഡിയോഗ്രഫറെ തിരിച്ചറിഞ്ഞത്. ചില സിപിഎം നേതാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്. മനോജിന്റെ കൊലപാതകത്തില്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടതായി കരുതുന്ന എട്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എഡിജിപി എ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം കേസ് അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി എന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി കെവി സന്തോഷ് അടങ്ങുന്ന സംഘമാണു കേസ് തുടര്‍ന്ന് അന്വേഷിക്കുക. ഉത്തരമേഖലാ എഡിജിപി എന്‍ ശങ്കര്‍റെഡ്ഡി ഇന്നലെ തലശേരിയിലെത്തി സ്ഥിതി വിലയിരുത്തി. കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എഡിജിപി എ അനന്തകൃഷ്ണന്‍ ഇന്നു തലശേരിയിലെത്തും.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തലശ്ശേരി ഡയമണ്ട് മുക്കില്‍ വച്ച് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഇളന്തോടത്ത് കെ മനോജിനെ അക്രമികള്‍ വെട്ടിക്കൊന്നത്. ഇതേ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ആര്‍എസ്എസും ബിജെപിയും ഹര്‍ത്താല്‍ നടത്തിയിരുന്നു.

ഹര്‍ത്താലിനേ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ വ്യാപക അക്രമം നടന്നു. ആറു സ്ഥലങ്ങളില്‍ ബോംബേറുണ്ടായി. പെരളശേരി, മൂന്നുപെരിയ, ആഡൂര്‍ പാലം എന്നിവിടങ്ങളിലാണു ബൈക്കിലെത്തിയ മുഖംമൂടി സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയത്. പെരളശേരിയില്‍ മൂന്നിടത്തു ബോംബേറുണ്ടായി. നാലുപേര്‍ക്കു പരുക്കേറ്റു.

മാവിലായി ചോരക്കുളത്തു വിഎച്ച്പി ജില്ലാ പ്രസിഡന്റ് കെ.ഒ. ജയകൃഷ്ണന്റെ വീടിനുനേരെ നടന്ന ബോംബാക്രമണത്തില്‍ ജനലിന്റെ ചില്ലുകളും മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കും തകര്‍ന്നു. ഈ മേഖലയിലെ സിപിഎം ഓഫിസുകള്‍ക്കുനേരെ കല്ലേറുമുണ്ടായി. ജില്ലാ കലക്ടര്‍ ഇന്ന് സര്‍വകക്ഷി സമാധാനയോഗം വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് വോട്ട് വര്‍ധിച്ചതും പാര്‍ട്ടി വിട്ടുവന്നവര്‍ക്ക് അവര്‍ സ്വീകരണം നല്‍കിയതും സിപിഎം ഗൌരവത്തോടെ കാണുന്നതിന്റെ സൂചനകളും കൊലപാതകത്തിലുള്ളതായി രഹസ്യാന്വേഷണ വിഭാഗം കരുതുന്നു.

അണികളുടെ ചോര്‍ച്ച തടയുകയെന്ന ലക്ഷ്യംവച്ചു ചില സിപിഎം നേതാക്കളുടെ അറിവോടെ നടത്തിയ കൃത്യമാണു മനോജിന്റെ കൊലപാതകമെന്നാണു പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട മനോജിന്റെ മൃതദേഹം കതിരൂരിലെ ആര്‍എസ്എസ് കാര്യാലയമായ മാധവത്തിനു സമീപം സംസ്കരിച്ചു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :