സംസ്ഥാനത്ത് ആര്‍എസ്എസ് ഹര്‍ത്താലിന് തുടക്കം

ആര്‍എസ്എസ്,  ഹര്‍ത്താല്‍, കണ്ണൂര്‍, കൊലപാതകം
തിരുവനന്തപുരം| VISHNU.NL| Last Updated: ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (09:17 IST)
ആര്‍എസ്എസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തുടക്കം. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനേ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു.

വയനാട് മീനങ്ങാടിയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ് ഉണ്ടായി . ബസിന്റെ പുറകിലെ ചില്ല് തകര്‍ന്നു. കോഴിക്കോട് നിന്നു ബത്തേരിയിലേക്ക് വരികയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. കൊച്ചിയില്‍ കാക്കനാട്ടും സൌത്ത് റയില്‍വേ സ്റ്റേഷനിലും വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി.

വ്യാപകമായ സംഘര്‍ഷത്തിന് സാധ്യതയുളളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കണ്ണൂരില്‍ വിണ്ടും രാഷ്ട്ര്രിയ കലാപം ആരംഭിക്കാന്‍ സാധ്യയുണ്ടെന്ന് ഇന്റകിജന്‍സ് റിപ്പോര്‍ട്ടുണ്ട്.

ഹര്‍ത്താലിനേ തുടര്‍ന്ന് കോഴിക്കോട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ബസ്സുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും സര്‍വീസ് നടത്തുന്നതില്‍നിന്ന് കെഎസ്ആര്‍ടിസി പിന്‍‌വാങ്ങുകയായിരുന്നു. ഹര്‍ത്താലിനു മുന്‍പ് തന്നെ ഇവിടെ സര്‍വീസ് നിര്‍ത്തിവച്ചു. ദീര്‍ഘദൂരയാത്രക്കാരെയാണ് ഹര്‍ത്താല്‍ പ്രതികൂലമായി ബാധിക്കുന്നത്.

വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കണ്ണൂരിനെ വീണ്ടും കലാപകേന്ദ്രമാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. തലശേരി കതിരൂരിലെ ആര്‍എസ്എസ് നേതാവ് എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ആര്‍എസ്എസ് നേതാവ് മനോജിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ സംസ്‌ക്കരിക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങും തുടര്‍ന്ന് വിലാപയാത്രയായി ആര്‍‌എസ്‌എസ് കാര്യാലയത്തില്‍ എത്തിച്ച് പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് മനോജിന്റെ വീട്ടില്‍ ദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം ആര്‍‌എസ്‌എസ് കാര്യാലയ വളപ്പില്‍ സംസ്കരിക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :