മനോജ് വധം സിപി‌എമ്മിനെ തിരിഞ്ഞുകൊത്തുന്നു

കണ്ണൂര്‍| VISHNU.NL| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (10:47 IST)
തദ്ദേശഭരണ തെരഞ്ഞെടുപ്പിനായി തയ്യാറായിരുന്ന സിപി‌എമ്മിന് അപ്രതീക്ഷിത തിരിച്ചടിനല്‍കുന്ന തരത്തിലേക്ക് കണ്ണുരിലേ അര്‍‌എസ്‌എസ് നേതാവ് മനോജിന്റെ കൊലപാതകം വളരുന്നു. ദേശീയ തലത്തില്‍ തന്നെ സിപി‌എമ്മിനെ പ്രതിരോധത്തിലാക്കിയ സംഭവത്തില്‍ കണ്ണൂരിലെ പാര്‍ട്ടീ നേതൃത്വത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുപോലും എതിര്‍പ്പുയരുന്നതായാണ് സൂചന.

അതിനു പിന്നാലെ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ക്കൂടി പുറത്തുവന്നതോടെ അക്ഷരാര്‍ഥത്തില്‍ സിപി‌എമ്മിന് കടുത്ത ആഘാതമാണ് ഉണ്ടായിരിക്കുന്നത്. പാര്‍ട്ടീയേ പൊതുസമൂഹത്തിനുമുന്നില്‍ അനഭിമതരാക്കിയ ടിപി ചന്ദ്രശേഖരന്‍ വധം ഉണ്ടാക്കിയ പ്രതിസന്ധിയില്‍നിന്ന് കരകയറുംമുമ്പ് അടുത്ത കൊലപതകവും ഉണ്ടായതൊടെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവും അതൃപ്തിയിലാണ്.

മനോജിന്റെ കൊലപാതകത്തെത്തുടര്‍ന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ജയിന്‍ ജയരാജന്റെ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തില്‍ പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും. ഇതൊടെ സംഭവത്തില്‍ പാര്‍ട്ടീ ജില്ല നേതൃത്വത്തിന്‍ മുന്‍‌കൂട്ടി അറിവുണ്ടായിരുന്നു എന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.

മനോജിന്റെ കൊലപാതകത്തില്‍ സന്തോഷിക്കുമെന്ന ജയിന്‍ ജയരാജന്റെ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തെക്കുറിച്ചും പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പുണ്ടായിട്ടുണ്ട്. സോഷ്യല്‍ സൈറ്റുകളില്‍ മോശംതലത്തിലേക്ക് വിഷയം ചര്‍ച്ചയ്ക്കുവരാന്‍ കാരണം ഈ പരാമര്‍ശമാണെന്ന് അവര്‍ കരുതുന്നു.

ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ സമീപനവും ശ്രദ്ധേയമാണ്. കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തുന്നത് സ്വാഭാവികം മാത്രമാണെന്ന വി എസ്സിന്റെ മുനവെച്ചമറുപടിയിലും ഫെയ്‌സ്ബുക്ക് പരാമര്‍ശം അനുചിതമായിപ്പോയെന്ന പി ജയരാജന്റെ പ്രതികരണത്തിലും കൊലപാതകം പാര്‍ട്ടിയില്‍ ഉണ്ടാക്കാന്‍പോകുന്ന പ്രതിസന്ധി വായിച്ചെടുക്കാം.

തലശ്ശേരി മേഖലയിലെ ആര്‍എസ്എസ്-സിപിഎം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരികയും മേഖലയില്‍ സമാധാനം കൈവരികയും ചെയ്തിട്ട് വര്‍ഷങ്ങളായി. അതിനിടെയാണ് ഒരു ബിഎംഎസ് പ്രവര്‍ത്തകനും തുടര്‍ന്ന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ നേതാവും അടുത്തടുത്ത ദിവസങ്ങളിലായി കൊല്ലപ്പെടുന്നത്.

മനോജ് വധത്തിലും അതിന്റെ ഗൂഢാലോചനയിലും യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമം) അനുസരിച്ച് ദേശവിരുദ്ധക്കുറ്റം ചുമത്തിയുള്ള അന്വേഷണവും പാര്‍ട്ടിക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. കേരളത്തില്‍ യുഡിഎഫും കേന്ദ്രത്തില്‍ ബിജെപിയും ഭരിക്കുന്ന സാഹചര്യത്തില്‍ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം സിപിഎമ്മിന് വലിയ തലവേദനയുണ്ടാക്കും. പ്രത്യേകിച്ചും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍.

ഇനി തലശ്ശേരിയില്‍ സംഘര്‍ഷമുണ്ടായാല്‍ സ്വാഭാവികമായും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പാര്‍ട്ടിക്ക് കൈകഴുകാനാകില്ല. അതിനാല്‍ സംഘര്‍ഷമുണ്ടാകാതിരിക്കാനുള്ള ഉത്തരവാദിത്തം സിപി‌എമ്മിന്റെ തലയിലുമാകും. ഫലത്തില്‍ ഇത് യുഡി‌എഫിനും ബിജെപിക്കുമാണ് വളമായി മാറുക.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :