Sumeesh|
Last Modified ഞായര്‍, 3 ജൂണ്‍ 2018 (15:41 IST)
പി ജെ കുര്യനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതിൽ നിലാപാട് വെളിപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ മുരളീധരനും കെ സുധാകരനും. യുവനേതാക്കൾ പരസ്യമായി നിലപാട് സ്വീകരിച്ചതിന് പിന്നലെയാണ് ഇരുവരും പ്രതികരണവുമായി രംഗത്ത് വന്നത്.
കോണ്‍ഗ്രസില്‍ അഴിച്ചു പണി അത്യാവശ്യമാണെന്നും രാജ്യസഭയിലേയ്ക്ക് പുതുമുഖത്തെ അയക്കണമെന്നും കെ.സുധാകരന്‍ നിലപാട് തുറന്ന് പറഞ്ഞു. ഹൈക്കമാന്‍ഡിന് ഇക്കാര്യത്തില്‍ വ്യക്തമായ പദ്ധതിയുണ്ട്. അതേസമയം, യുവനേതാക്കള്‍ പാര്‍ട്ടി വിമര്‍ശനങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും അഭിപ്രായം രേഖപ്പെടുത്തേണ്ടതും പാര്‍ട്ടി ഫോറങ്ങളിലാണെന്നും സുധാകരൻ പറഞ്ഞു.
രാജ്യസഭയില്‍ ശബ്ദമുയര്‍ത്താന്‍ കഴിയുന്നവര്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. കൂടുതല്‍ കഴിവുള്ളവരെ ഇതിനായി തിരഞ്ഞെടുത്ത് അയക്കണമെന്നും അദേഹം പറഞ്ഞു.
വി ടി ബൽറാമും ഷാഫി പറമ്പിലുമാണ് പാർട്ടിയിൽ നേതൃമാറ്റം വേണം എന്ന് പരസ്യമായി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പിന്നീട് മറ്റ് യുവ നേതാക്കൾ ഇത് ഏറ്റു പിടിക്കുകയായിരുന്നു. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡന്‍ പറഞ്ഞിരുന്നു. പി ജെ കുര്യൻ രാജ്യസഭയിലേക്ക് മത്സരിച്ചാൽ വോട്ട് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അനിൽ അക്കരെ വ്യക്തമാക്കിയിരുന്നു.