അജിത്തിന് സീറ്റ് നിഷേധിച്ചത് ആരോപണം ഉയര്‍ന്നതു കൊണ്ടല്ലെന്ന് ബിനോയ് വിശ്വം

അജിത്തിന് സീറ്റ് നിഷേധിച്ചത് ആരോപണം ഉയര്‍ന്നതു കൊണ്ടല്ലെന്ന് ബിനോയ് വിശ്വം

വൈക്കം| JOYS JOY| Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (14:17 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ വൈക്കം മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് കെ അജിത്തിനെ നീക്കിയത് വേറെ എന്തെങ്കിലും ആരോപണം ഉയര്‍ന്നതു കൊണ്ടല്ലെന്ന് നേതാവ് ബിനോയ് വിശ്വം. അജിത്തുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ബിനോയ് വിശ്വം ഇങ്ങനെ പറഞ്ഞത്.

സ്ത്രീകള്‍ മത്സരിക്കുന്ന സീറ്റുകളില്‍ ജയം ഉറപ്പാക്കേണ്ടതുണ്ട്. സ്ത്രീസാന്നിധ്യം ഉറപ്പാക്കാന്‍ വൈക്കം മണ്ഡലം വനിതാസ്ഥാനാര്‍ത്ഥിക്കായി മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അജിത്തിന് സീറ്റ് നിഷേധിച്ചത്. വേറെ എന്തെങ്കിലും ആരോപണം ഉയര്‍ന്നതുകൊണ്ടല്ല അജിത്തിനെ നീക്കിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.

പാര്‍ട്ടി എന്തുകൊണ്ട് തനിക്ക് സീറ്റ് നിഷേധിച്ചെന്ന് അറിയണമെന്ന് കെ അജിത്ത് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്നെയും പിതാവിനെയും അപമാനിക്കുന്നതാണ് പാര്‍ട്ടി നടപടി. സീറ്റ് നിഷേധിച്ചതിന് പാര്‍ട്ടി ഉത്തരം നല്കണമെന്നും നേതൃത്വത്തില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നെന്നും അജിത്ത് വ്യക്തമാക്കി. ഇതിനെ തുടര്‍ന്നായിരുന്നു നേതൃത്വം അജിത്തുമായി കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചത്.

അതേസമയം, ബിനോയ് വിശ്വം അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചപ്പോള്‍ സീറ്റ് നിഷേധിക്കാനുള്ള സാഹചര്യം വ്യക്തമായെന്നും അജിത്ത് പിന്നീട് വ്യക്തമാക്കി. വേറെ എതെങ്കിലും സീറ്റില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :