കൊച്ചി|
JOYS JOY|
Last Modified ശനി, 12 ഡിസംബര്‍ 2015 (13:00 IST)
ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ സെന്‍സര്‍ ചെയ്യണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. എറണാകുളം പ്രസ് ക്ലബില്‍ കോടതി റിപ്പോര്‍ട്ടിംഗിനെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീരിയലുകളിലെ പ്രമേയങ്ങള്‍ അപകടകരമാണെന്നും പഴയ പൈങ്കിളി സാഹിത്യത്തില്‍ കുറച്ചുകൂടി കടന്ന രൂപമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സീരിയലുകള്‍ സംബന്ധിച്ച് തനിക്ക് ഒന്നു രണ്ട് പരാതികള്‍ ലഭിച്ചതിനാലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചാനലുകള്‍ ഇക്കാര്യം ശ്രദ്ധിക്കണം. ആരെയും വിമര്‍ശിക്കാനല്ല, മാധ്യമങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി റിപ്പോര്‍ട്ടില്‍ വാര്‍ത്താചാനലുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പണ്‍ കോര്‍ട്ടിലെ കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തെറ്റില്ല. കോടതിയില്‍ എന്ത് നടക്കുന്നുവെന്ന് ജനങ്ങള്‍ അറിയണം. എന്നാല്‍ ആരെയും അവഹേളിക്കാതിരിക്കാനും ആക്ഷേപിക്കാതിരിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ അതിന്റെ അന്തസത്ത മനസിലാക്കി വേണം റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോടതി രേഖയില്‍ വരുന്ന കാര്യങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാവൂ എന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.
നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ജഡ്ജിമാര്‍ അറിഞ്ഞിരിക്കണമെന്നും എന്നാല്‍, നാട്ടില്‍ നടക്കുന്നതെല്ലാം വിളിച്ച് പറയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.