പ്രളയ സമയത്ത് രക്ഷകനായ ജെയ്‌സല്‍ സദാചാര തട്ടിപ്പ് കേസില്‍ അറസ്റ്റില്‍ !

രേണുക വേണു| Last Modified വ്യാഴം, 5 മെയ് 2022 (09:35 IST)

പ്രളയ സമയത്ത് നിരവധി മനുഷ്യന്‍മാരാണ് രക്ഷകരായി അവതരിച്ചത്. അതില്‍ ഒരാളാണ് ജെയ്‌സല്‍. സ്വന്തം മുതുക് ചവിട്ടുപടി ആക്കി കൊടുത്താണ് ജെയ്‌സല്‍ അന്ന് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരപ്പനങ്ങാടി സ്വദേശി കൂടിയാണ് ജെയ്‌സല്‍. ഇതേ ജെയ്‌സലിനെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സദാചാര ഗുണ്ടായിസം നടത്തി പണം തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ് !

ബീച്ചില്‍ ഒരുമിച്ചിരിക്കുകയായിരുന്ന ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ഫോട്ടോ എടുക്കുകയും തുടര്‍ന്നു ഇവരെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പണം തട്ടുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. 2021 ഏപ്രില്‍ പതിനഞ്ചാം തീയതി ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

ആണ്‍കുട്ടിയും പെണ്‍കുട്ടിയും കാറില്‍ ഇരിക്കുകയായിരുന്നു. ഇവരെ സമീപിക്കുകയും ഒരു ലക്ഷം രൂപ കൊടുത്തില്ല എങ്കില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കും എന്നുമായിരുന്നു ഇയാളുടെ ഭീഷണി. തുടര്‍ന്ന് 5000 രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റുകയും ചെയ്തു. അതിനുശേഷം മാത്രമേ ഇരുവരേയും പോകാന്‍ അനുവദിച്ചുള്ളൂ. തുടര്‍ന്നായിരുന്നു ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതി പിന്നീട് പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :