പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് തന്നെ, ഔദ്യോഗിക പ്രഖ്യാപനം നാളെ

അഭിറാം മനോഹർ| Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (14:23 IST)
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരെഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജെയ്ക്കിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് ജെയ്ക്കിന്റെ പേര് മാത്രമാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മണര്‍കാട് സ്വദേശിയായ ജെയ്ക്ക് 2016,2021 വര്‍ഷങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരെഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ചവെയ്ക്കാനായതാണ് ജെയ്ക്കിന് അനുകൂലമായത്.

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്ക് എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്,സംസ്ഥാന പ്രസിഡന്റ് ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. സെപ്റ്റംബര്‍ 5നാണ് പുതുപ്പള്ളിയില്‍ തിരെഞ്ഞെടുപ്പ് നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :