തിരുവനന്തപുരം|
VISHNU N L|
Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2015 (16:47 IST)
വിജിലന്‍സില്‍ നിന്ന് മാറ്റിയത് രാഷ്ട്രീയക്കാരുടെ പിറകെ പോകാത്തതുകൊണ്ടെന്ന് ജേക്കബ് തോമസ്. വിജിലന്റ് കേരള പദ്ധതിയില്‍ തുടരാന്‍ താല്‍പര്യം ഉണ്ടായിരുന്നുവെന്നും ജേക്കബ് തോമസ് പറയുന്നു. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായി ചുമതലയേറ്റ ദിവസം അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഈസാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിജിലന്‍സില്‍നിന്ന് മാറ്റിയത് രാഷ്ട്രീയക്കാരുടെ പിറകെ പോകാത്തതുകൊണ്ടാണെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തിയിരുന്നു. വിജിലന്റ് കേരള പദ്ധതിയില്‍ തുടരാന്‍ താല്‍പര്യമുണ്ടായിരുന്നു. ഓണ്‍ലൈന്‍ ലോറ്ററി തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്‌ഥനെ മാറ്റിയത് ആര്‍ക്കുവേണ്ടിയാണ്. ഇതേക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരായി ജേക്കബ് തോമസ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഇന്ന് അവധിയായതിനാല്‍ ജേക്കബ് തോമസ് നോട്ടീസ് കൈപ്പറ്റിയിട്ടില്ല.
താന്‍ ഫയര്‍ഫോഴ്‌സ് മേധാവിയായി രണ്ടര മാസമേ ഇരുന്നുള്ളൂ. ഈ കാലയളവില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും ബഹുനില കെട്ടിട നിര്‍മ്മാതാക്കളുമായി ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും ഇതില്‍ എന്തുതീരുമാനമെടുത്തുവെന്ന് തനിക്ക് അറിയില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജേക്കബ് തോമസ് പറഞ്ഞതാണ് വിവാദമായത്.