ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച സംഭവത്തില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (10:32 IST)
ഇടുക്കി ജില്ലയില്‍ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് മര്‍ദ്ദിച്ചതായുള്ള ആരോപണങ്ങളില്‍ ഉള്‍പ്പെട്ട ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആയിരുന്ന ബി.രാഹുലിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വനം വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ തിരുവനന്തപുരം വനം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലംമാറ്റിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിനെതിരായ കണ്ടെത്തലുകള്‍ വന്നതിനെ തുടര്‍ന്നാണ് സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉത്തരവായത്. കിഴുക്കാനം സെക്ഷന്‍ സ്റ്റാഫ് തയ്യാറാക്കിയ മഹസ്സറിന്റെ പോരായ്മകളും കേസിന്റെ വിശ്വാസ്യത കുറവും ശരിയാംവിധം അന്വേഷിക്കാതെ സെക്ഷന്‍ ജീവനക്കാരെ സംരക്ഷിച്ചുകൊണ്ട് കേസ് സ്വയം ഏറ്റെടുത്ത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തെറ്റായ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

ആദിവാസി യുവാവിനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആരോപണ വിധേയരായ ആറ് ഉദ്യോഗസ്ഥരെ നേരത്തെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :