രേണുക വേണു|
Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (11:31 IST)
ഇടുക്കി അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. 2018 ലെ പ്രളയത്തിനു ശേഷം ഇതാദ്യമായാണ് ഇടുക്കി ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവില്‍ വെള്ളമാണ് ഒഴുക്കുന്നത്. 10.50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറക്കുന്നത്. ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കും. ചെറുതോണി ടൗണിലാണ് ആദ്യം വെള്ളം എത്തുക. പെരിയാര്‍ തീരത്ത് അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
വെള്ളം ഒഴുകുന്ന റൂട്ട് ഇങ്ങനെ
ഇടുക്കി ഡാം തുറക്കുമ്പോള്‍ ചെറുതോണി മുതല്‍ അറബിക്കടല്‍ വരെയാണ് വെള്ളം ഒഴുകിയെത്തുന്നത്. ചെറുതോണി ടൗണ്‍, പെരിയാര്‍, ലോവര്‍ പെരിയാര്‍ അണക്കെട്ട്, ഭൂതത്താന്‍ കെട്ട്, കാലടി, നെടുമ്പാശ്ശേരി, ആലുവ വഴിയാണ് വെള്ളം അറബിക്കടലില്‍ എത്തുക. വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളില്‍ അതീവ ജാഗ്രത വേണം. നദികളില്‍ ജലനിരപ്പ് അതിവേഗം ഉയരും. പെരിയാറിന്റെ തീരത്തുള്ളവരാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. 2018 ല്‍ ഇടുക്കി ഡാം തുറന്നപ്പോള്‍ കൊച്ചി നെടുമ്പാശേരി
വിമാനത്താവളം അടക്കം വെള്ളത്തിനടിയിലായി.