രേണുക വേണു|
Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (13:08 IST)
ഏറെ പ്രത്യേകതകളുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. ഇടുക്കി പദ്ധതിയുടെ കീഴില്‍ മൂന്ന് അണക്കെട്ടുകളാണ് ഉള്ളത്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവയാണ് മൂന്ന് അണക്കെട്ടുകള്‍. ഇതില്‍ ഇടുക്കി, കുളമാവ് അണക്കെട്ടുകള്‍ക്ക് ഷട്ടറില്ല. ചെറുതോണിക്ക് മാത്രമാണ് ഷട്ടറുള്ളത്. ഇടുക്കി അണക്കെട്ട് തുറന്നു എന്നു പറയുമ്പോള്‍ യഥാര്‍ഥത്തില്‍ തുറക്കുന്നത് ചെറുതോണി അണക്കെട്ടാണ്. ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ തുറന്നാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നത്. ചരിത്രത്തില്‍ നാലാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. നേരത്തെ 1981, 1992, 2018 വര്‍ഷങ്ങളിലാണ് ഇടുക്കി അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വന്നിട്ടുള്ളത്.
ഇലക്ട്രിക് മോട്ടറിലാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ കറങ്ങുന്ന മോട്ടറിനൊപ്പം ഗിയര്‍ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും. ചക്രങ്ങളില്‍ കറങ്ങുന്ന ഗിയറില്‍ ഉരുക്കുവടങ്ങളാണു ഘടിപ്പിച്ചിരിക്കുന്നത്. വടങ്ങള്‍ ഷട്ടര്‍ ഗേറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആവശ്യാനുസരണം ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും സംവിധാനമുണ്ട്. 2018ല്‍ 50 സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തുന്നതിനു രണ്ട് മിനിറ്റ് മാത്രമാണു വേണ്ടിവന്നത്.