അഭിറാം മനോഹർ|
Last Updated:
ശനി, 26 ഡിസംബര്‍ 2020 (09:34 IST)
പാലക്കാട്ടെ തേങ്കുറിശ്ശിയിൽ ജാതിക്കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യാപിതാവ് കസ്റ്റഡിയിൽ. കൊല നടത്തിയ ശേഷം ഒളിവിൽ പോയ കുഴൽമന്ദം സ്വദേശി പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇന്നലെത്തന്നെ അനീഷിന്‍റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അനീഷിനെ വടിവാളും കമ്പിയും കൊണ്ടാണ് ഭാര്യാപിതാവും അമ്മാവനും അനീഷിനെ ആക്രമിച്ചത്. ബൈക്കിൽ വരികയായിരുന്ന അനീഷിനെ കമ്പികൊണ്ടടിച്ചുവീഴ്ത്തി വടിവാളു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.അനീഷിനെ ആക്രമിച്ചത് പ്രഭുകുമാറും സുരേഷും ചേർന്നാണെന്ന് സ്ഥലത്ത് കൊലപാതകം നേരിട്ടുകണ്ട സഹോദരനും ദൃക്സാക്ഷിയുമായ അരുൺ പറഞ്ഞു. മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്ന് കല്യാണത്തിന് പിന്നാലെ പ്രഭുകുമാർ ഭീഷണി മുഴക്കിയിരുന്നതായും അരുൺ വ്യക്തമാക്കി.
കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ. അന്ന് തന്നെയാണ് ബൈക്കിലെത്തിയ സംഘം കൊലപാതകം നടത്തിയത്. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കുഴൽമന്ദം എലമന്ദം സ്വദേശി അനീഷ് മൂന്ന് മാസം മുമ്പാണ് ഹരിത എന്ന പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്.
നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബവും വ്യക്തമാക്കി. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അനീഷിന്റെ മൃതദേഹമുള്ളത്. ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കും.