കൊച്ചി|
VISHNU.NL|
Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (14:14 IST)
കാലങ്ങളായി കേരളത്തിലെ എച്ച്ഐവിക്കെതിരേയുള്ള പോരാട്ടത്തില്‍ വിജയം നേടുന്നതായി സൂചന. കണക്കുകളനുസരിച്ച് കേരളത്തില്‍ എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് കാണുന്നത്. പുതിയതായി രോഗം ബാധിക്കുന്ന ആളുകളുടെ എണ്ണത്തിലും കുറവുണ്ട്.
2013 മുതല്‍ 2014 ജൂണ്‍ വരെയുള്ള കണക്കുകളില്‍ 5451 പേരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. 2012-13 കാലയളവില്‍ കേരളത്തില്‍ 55,663 പേരിലാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. എന്നാല്‍ 2013 മുതല്‍ 2014 ജൂണ്‍ വരെയുള്ള കണക്കുകളില്‍ ഇത്50,212 ആയി കുറഞ്ഞു. ലൈംഗികത്തൊഴിലാളികളിലും മയക്കുമരുന്നുപയോഗിക്കുന്നവരിലുമായി അസുഖ ബാധ കുറഞ്ഞത് ആശ്വാസകരമാണ്.
കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നല്‍കുന്ന കണക്കുകള്‍ പ്രകാരം പാലക്കാട്ടാണ് ഏറ്റവും കൂടുതല്‍ എച്ച്ഐവി ബാധിതര്‍ ഉള്ളത്. 2014ല്‍ മാത്രം 99 പേര്‍ അസുഖബാധിതരായി.
എച്ച്ഐവി ബാധിതരായ സ്ത്രീകളുടെ എണ്ണവും കൂടുതല്‍ പാലക്കാട് തന്നെയാണ്. ഈ വര്‍ഷത്തെ മാത്രം കണക്കുകളില്‍ 60 പേര്‍ക്കാണ് അസുഖം ബാധിച്ചിട്ടുള്ളത്.
2008 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പാലക്കാട് മാത്രം 1272 പേര്‍ എച്ച്ഐവി ബാധിതരാണ്. രണ്ടാം സ്ഥാനം തൃശ്ശൂരിനാണ്. 810 പേരാണ് അസുഖബാധിതര്‍. മൂന്നാം സ്ഥാനം തിരുവനന്തപുരത്തുമാണ്. 741 പേരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് വയനാടും. 92 പേരാണ് വയനാട്ടിലെ അസുഖബാധിതര്‍.