വടകര|
ജിബിന്‍ ജോര്‍ജ്|
Last Updated:
ഞായര്‍, 24 ഓഗസ്റ്റ് 2014 (14:50 IST)
സംസ്ഥാനത്ത് മദ്യ നിരോധനം വരുന്നതോടെ ഒന്നു പാമ്പാകാന്‍ കുടിയന്മാര്‍ക്ക് മാഹിക്ക് പോകേണ്ട അവസ്ഥ ഇനി വിദൂരമല്ല. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ കുടിയന്മാര്‍ക്കിട്ട് കൊടുത്ത എട്ടിന്റെ പണി. ഒരു കുടിയനും പൊറുക്കാന്‍ പറ്റാത്ത കൊടുംചതിയാണ് ഉമ്മന്‍ചാണ്ടിയും സംഘവും കേരളത്തിലെ സീസറിനും
ജവാന്മാര്‍ക്കിട്ടും കൊടുത്തത്.
കുടിയന്റെ നൊസ്‌റ്റാള്‍ജിയ ആര്‍ക്കും അവകാശപ്പെടാനാവത്ത ഒരു വികാരമായി മാറിയിരിക്കുന്നു. ബാറിലെ മങ്ങിയ വെളിച്ചവും സിഗരറ്റിന്റെയും കോളയുടെയും മത്ത് പിടിപ്പിക്കുന്ന സുഗന്ധവും ബാറില്‍ കയറിയിറങ്ങുന്ന ഓരോ കുടിയന്റെയും ശരീരത്തും മനസിലും ചേര്‍ത്ത് വെച്ചിരുന്ന കാലം അന്യമായി. പച്ചയ്ക്ക് പറഞ്ഞാല്‍ ആ 'ബാര്‍ ഗന്ധം' കഴിഞ്ഞ ദിവസം പെയ്ത മഴയത്ത് ഒഴുകി അറബിക്കടലില്‍ കലങ്ങി.
സ്വന്തം വീട്ടുകാരെ മറന്നാലും പെഗ് ഒഴിച്ചു തരുന്ന ബാറിലെ ചേട്ടനോട് അവര്‍ക്ക് തോന്നുന്ന സ്നേഹം അവര്‍ക്ക് മാത്രമെ അറിയു. തന്റെ സ്ഥിരം കസേരയും ഡസ്ക്കും ലഹരിയും അന്യമായിരിക്കുന്നു എന്നത് അവന് ഇനിയും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത നഗ്ന സത്യമാണ്. ബാറിലേക്ക് പോക്കറ്റ് നിറയെ കാശുമായി കയറി പോകുമ്പോള്‍ വാതില്‍ തുറന്ന് തരുന്ന ചേട്ടനെയും വിറയ്ക്കുന്ന ചുവടോടെ തിരികെ വരുമ്പോള്‍ ഓട്ടോയില്‍ കയറ്റി വിടുന്ന സെക്യൂരിറ്റി ചേട്ടനും ഇന്ന് കൂലിപ്പണിക്ക് പോയിരിക്കുന്നു.
ഒന്നു മിനുങ്ങാന്‍ ബിവറേജിന്റെ മുന്നില്‍ മഴയും വെയിലും സഹിച്ച് നിന്നിരുന്നവന്
ഇതിലും വലിയ ദുരന്തം വരാനില്ല. എത്ര കഷ്ടപ്പെട്ടാലും എന്താ സാധനം കിട്ടുമല്ലോ എന്ന പ്രതീക്ഷയായിരുന്നു അന്ന് അവന്റെ കൈമുതല്‍. എന്നാല്‍ ഇപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടി. കേരളത്തിന്റെ നാല് കോണില്‍ നിന്നും കുടിക്കാനായി ഇനി മാഹിക്ക്
വണ്ടി കേറണം.
തെരഞ്ഞെടുപ്പില്‍ കൈപ്പത്തിക്ക് കുത്തിയവരും. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വിഎം സുധീരനെ അവരോധിച്ചപ്പോള്‍ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷിച്ച കൈപ്പത്തിക്കാരും രാഹൂല്‍ ഗാന്ധിയെ തൊട്ട് ഉമ്മന്‍ചാണ്ടിയെ വരെ ഒരേ സ്വരത്തില്‍ തെറി വിളിച്ച ചെങ്കൊടിക്കാരും ഒരുമിച്ച് ഒരുമയോടെ സകല പാര്‍ട്ടിക്കാരെയും ഇപ്പോള്‍ തെറി വിളിക്കുകയാണ്. കാരണം ഇപ്പോള്‍ ഒന്ന് ആടണമെങ്കില്‍ പാടണമെങ്കില്‍ മാഹിക്ക് പോകണം.
അങ്ങനെയാണ് മാഹിക്ക് ഇത്ര ഡിമാന്‍ഡ് വന്നത്. കുടിയന്‍മാരുടെ തള്ളിക്കയറ്റംപ്രതീക്ഷിച്ച് മാഹിയിലെ ഓട്ടോക്കാരും ബസുകാരും സകല കുടിയന്മാര്‍ക്കുമായും കാത്തിരിക്കുകയാണ്. കഴിഞ്ഞ പോണ്ടിച്ചേരി സര്‍ക്കാരിന്റെ കാലത്താണ് മാഹിയില്‍ പുതിയ ബാറുകള്‍ അനുവദിക്കുന്നത് നിര്‍ത്തിയത്. ബാറുകളുടെ എണ്ണം പെരുകിയതിനാലായിരുന്നു ഇത്. 9.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മാഹിയില്‍ നിലവില്‍ 64 ബാറുകളുണ്ട്. 28 മൊത്തവില്‍പന ബാറുകളും 36 റീട്ടെയില്‍ ബാറുകളും. മാഹിയിലെ പന്തക്കല്‍, പള്ളൂര്‍ കോപ്പാലം, മൂലക്കടവ് എന്നിവിടങ്ങളിലായാണിവയത്രയും.
മദ്യപാനികള്‍ കൂടുതല്‍ എത്തുന്നതോടെ മാഹിയില്‍ കൂടുതല്‍ സൌകര്യങ്ങള്‍ വേണമെന്നും. ഇവിടെയും മദ്യ നിരോധനം കൊണ്ടു വരണമെന്ന് ചിലരും വാദിക്കുന്നുണ്ട്. നിരോധനം ഇല്ലാത്ത സാഹചര്യത്തില്‍തന്നെ ലക്ഷങ്ങളുടെ മദ്യമാണ് മാഹിയില്‍നിന്നും ദിനം പ്രതി കേരളത്തിലേക്ക് കടത്തുന്നത്. സംസ്ഥാനത്ത് അടച്ചു പൂട്ടി കൊണ്ടിരിക്കുന്ന
312 ബാറുകളും അകാലചരമമടഞ്ഞ 418 ബാറുകളും ഇനി കേരളത്തിലെ കുടിയന്മാരെ നോക്കി കരയുകയാണ്
' ഇനിയെന്ന് കാണുമെന്ന് ' കാമുകന്‍ കാമുകിയോട് ചോദിക്കുന്ന പോലെ ഓരോ ബാറുകളും കുടിയന്മാരെ കാത്തിരിക്കുന്നു. ഇനി മാഹിപ്പാലം കയറി ഓരോ കുടിയനും കേരളത്തെ നോക്കി പാടും ' മാഹിയിലെ ബാറുകളെ കണ്ട്ക്കാ '.