തിരുവനന്തപുരം|
aparna shaji|
Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (07:36 IST)
മുൻ എം പിയും മുതിർന്ന അഭിഭാഷകനുമായ അഡ്വ. സെബാസ്റ്റ്യൻ പോളിനെ ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്തു. അഭിഭാഷക - മാധ്യമ തർക്കത്തിനിടയിൽ മാധ്യമങ്ങളെ സപോർട്ട് ചെയ്തതിനാണ് ഈ നടപടി. ഇന്ന് ചേര്‍ന്ന അടിയന്തര നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനമായത്.
ഹീനമായ കുറ്റകൃത്യം ചെയ്ത അഭിഭാഷകരെ സംരക്ഷിക്കുകയും ശരിയായ അഭിപ്രായം പറയുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് ഇവിടെ സ്വീകരിച്ചതെന്ന് സെബാസ്റ്റ്യൻ പോൾ പ്രതികരിച്ചു. ജഡ്ജിമാരെയും അസോസിയേഷനെയും അവഹേളിച്ചെന്ന കുറ്റത്തിന് സസ്പെന്‍ഷന്‍ എന്നതാണ് നോട്ടീസിലെ ഉള്ളടക്കമെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാൽ, അസോസിയേഷനെ അപമാനിക്കുന്നതൊന്നും എങ്ങും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിമുറികളില്‍ നിശ്ശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണ്. ഏത് ഒത്തുകളിക്കും കൂട്ടുനില്‍ക്കുന്ന ജഡ്ജിമാരുമുണ്ട്. സമൂഹത്തിന്റെ നിരീക്ഷണം ഭയന്നാണ് അവര്‍ പലപ്പോഴും മാറിനിന്നത്. നിരീക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ലാതായതോടെ കോടതികളില്‍ രഹസ്യ ഒത്തുകളികള്‍ വ്യാപകമായെന്നും അദ്ദേഹം ആരോപിച്ചു. ജഡ്ജിമാരെ അവഹേളിച്ചെന്നാണ് കുറ്റമെങ്കില്‍ അസോസിയേഷനല്ല ജഡ്ജിമാരാണ് നടപടിയെടുക്കേണ്ടത്. അസോസിയേഷന്റെ നടപടി കോടതിയില്‍ ചോദ്യംചെയ്യുന്നത് സംബന്ധിച്ച് നോട്ടീസ് കിട്ടിയശേഷം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.