രാജിക്കാര്യത്തില്‍ തീരുമാനമായപ്പോള്‍ മാധ്യമങ്ങളോട് ജയരാജന്‍ ഒരു ചോദ്യം ചോദിച്ചു; അതും നല്ല കടുപ്പത്തില്‍

സന്തോഷമായില്ലേ ? മാധ്യമങ്ങളോട് ജയരാജന്‍

തിരുവനന്തപുരം| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (15:52 IST)
ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട വ്യവസായമന്ത്രി ഇ പി ജയരാജന്‍ രാജിവെച്ചു. എ കെ ജി സെന്ററില്‍ ഇന്നു ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റിലാണ് ജയരാജന്റെ രാജി സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായത്. എന്നാല്‍, രാജി തീരുമാനം ഉണ്ടായതിനു ശേഷം പുറത്തുവന്ന ജയരാജന്‍ മാധ്യമങ്ങളോട് ചോദിച്ചത് ഏവരിലും അമ്പരപ്പ് ഉണ്ടാക്കി. ‘സന്തോഷമായില്ലേ’ എന്നായിരുന്നു ജയരാജന്‍ മാധ്യമങ്ങളോട് ചോദിച്ചത്.

ബന്ധുനിയമന വിവാദത്തില്‍ ജയരാജന്റെ രാജിക്ക് സമ്മര്‍ദ്ദമേറിയ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. ബന്ധു നിയമന വിവാദത്തില്‍ പ്രതികരണം ആരാഞ്ഞ് മാധ്യമങ്ങള്‍ ജയരാജനെ സമീപിച്ചിരുന്നു. എന്നാല്‍, തന്റെ ബന്ധുക്കള്‍ അങ്ങനെ പല സ്ഥലങ്ങളിലും ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

അതേസമയം, സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജിവെയ്ക്കാന്‍ അനുവദിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും യശസ്സ് ഉയര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ നിലപാട്. താന്‍ കാരണം പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകരാന്‍ പാടില്ലെന്നും ജയരാജന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :