ആരും ആവശ്യപ്പെടാതെ വിവാഹത്തിനു നല്‍കുന്ന സമ്മാനം സ്ത്രീധനമായി കണക്കാക്കാനാകില്ല: ഹൈക്കോടതി

രേണുക വേണു| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (07:59 IST)

മകളുടെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ വിവാഹസമയത്ത് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി. വിവാഹസമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങള്‍ ഭര്‍ത്താവില്‍നിന്ന് തിരിച്ചു കിട്ടാന്‍ യുവതി നല്‍കിയ പരാതിയില്‍ ഇവ തിരിച്ചുനല്‍കാന്‍ കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിട്ടതിനെതിരെ തൊടിയൂര്‍ സ്വദേശിയായ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം.ആര്‍.അനിതയുടെ നിരീക്ഷണം. വിവാഹത്തിന് തനിക്കു ലഭിച്ച 55 പവന്‍ ബാങ്ക് ലോക്കറില്‍ വെച്ചിരിക്കുകയാണെന്നും തിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

സ്വര്‍ണാഭരണങ്ങള്‍ യുവതിക്ക് തിരിച്ചുനല്‍കണമെന്നാണ് ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിട്ടത്. എന്നാല്‍, ആഭരണങ്ങള്‍ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നല്‍കാന്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ആഭരണങ്ങള്‍ സ്ത്രീധനമായി ലഭിച്ചതാണോയെന്നു ഓഫീസര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതായി ഉത്തരവില്‍ വ്യക്തമല്ലെന്ന് കോടതി വിലയിരുത്തി. ലോക്കറില്‍വെച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാര്‍ തനിക്കു നല്‍കിയ മാലയും തിരിച്ചു നല്‍കാമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. യുവതിയും ഇതു സമ്മതിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :