ഞായറാഴ്‌ച വരെ ശക്തമായ മഴയും കാറ്റും തുടരും: കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2020 (10:00 IST)
സംസ്ഥാനത്തുടനീളം ലഭിക്കുന്ന ശക്തമായ മഴയും കാറ്റും ഞായറാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. നദികളിൽ ജലനിരപ്പുയരുമെന്നും ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. മലയോര പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.

അതേസമയം കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് ദേശീയ ജല കമ്മീഷന്‍ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ് നല്‍കി.നിലവിലെ സാഹചര്യത്തിൽ ജില്ലാ ഭരണകൂടങ്ങൾ കൊവിഡിനേക്കാൾ പ്രാധാന്യം നൽകുന്നത് ആളുകളെ ബന്ധുവീടുകളിൽ എത്തിക്കുന്നതിനാണ്.

നിലവിൽ കോഴിക്കോട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രിയുണ്ടായ കനത്ത മഴയെത്തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപാച്ചിലുണ്ടായി.മുക്കത്ത് റോഡുകള്‍ വെള്ളത്തിനടിയിലായി.നിലമ്പൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.കരുളായി, ചുങ്കത്തറ, മൂത്തേടം, പഞ്ചായത്തുകളില്‍ കരിമ്പുഴ തീരത്ത് താമസിക്കുന്നവരും നിലമ്പൂര്‍ മുനിസിപ്പാലിറ്റി, പോത്തുക്കല്ല്, ചുങ്കത്തറ, ചാലിയാര്‍ ,മാമ്പാട്,പഞ്ചായത്തുകളിൽ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരും അടിയന്തരമായി ബന്ധുവീടുകളിലോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു.പാലക്കാട് ഭവാനിപ്പുഴയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :