ചാല കമ്പോളം രണ്ട് ഷിഫ്റ്റുകളിലായി തുറക്കും

തിരുവനന്തപുരം| എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 6 ഓഗസ്റ്റ് 2020 (09:34 IST)
കോവിഡ് ബാധ മൂലം
ദിവസങ്ങളായി അടച്ചിട്ടിരിക്കുന്ന ചാല
കമ്പോളം രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നത് പരിഗണിച്ചു തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇതനുസരിച്ചു രാത്രി 11 മണി മുതല്‍ രാവിലെ 11 മണിവരെ സഭാപതി കോവില്‍ റോഡ്, പച്ചക്കറി ചന്ത, കൊത്തുവാള്‍ തെരുവ് എന്നിവ തുറന്നു പ്രവര്‍ത്തിക്കും.
ഈ പ്രദേശത്തെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാവും തുറക്കുക.

ബാക്കിയുള്ള മറ്റു മേഖലകളിലെ കടകള്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ പ്രവര്‍ത്തിക്കാനാണ് ധാരണ. എന്നാല്‍ ഇവ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാവും തുറക്കുക. അതെ സമയം പൂ കച്ചവടക്കാര്‍ക്ക് ഉച്ചയ്ക്ക്
പന്ത്രണ്ടുമണി മുതല്‍ വൈകിട്ട് ഏഴു മണി വരെയും തുറക്കാം.

സ്ഥിരമായി കടകള്‍ അടച്ചിടുന്നതിലെ ബുദ്ധിമുട്ട് കാണിച്ച് വ്യാപാരികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്
ചാലയിലെ കച്ചവടക്കാരുടെ പ്രതിനിധികള്‍, പോലീസ് അധികാരികള്‍, സംഘടനാ നേതാക്കള്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍
നടന്ന ചര്‍ച്ചയിലാണ് ഈ ധാരണയുണ്ടായത്. കോവിഡ്
മാനദണ്ഡങ്ങള്‍ കര്‍ശനമായി
പാലിച്ചാവും കടകള്‍ പ്രവര്‍ത്തിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :