കൊച്ചി|
jibin|
Last Updated:
ശനി, 25 ജൂലൈ 2015 (12:02 IST)
ദാതാവില്‍നിന്നെടുത്ത ഹൃദയം വിമാനമാര്‍ഗം എത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ ഹൃദയമാറ്റ ശസ്‌ത്രക്രിയ വിജയകരം. ലിസി ആശുപത്രിയിൽ ആറുമണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിൽ തുന്നിച്ചേർത്ത ഹൃദയം യന്ത്രസഹായമില്ലാതെ മാത്യു അച്ചാടന്റെ ശരീരത്തിൽ മിടിച്ചു തുടങ്ങിയതായി ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ മാത്യുവിന് ബോധം തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ ഇടവേളകളില്‍ ബോധം തെളിയുന്നുണ്ടെന്നും കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 48 മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മാത്യു അച്ചാടന് ബോധം തെളിഞ്ഞിട്ടുണ്ട്. ശസ്തക്രിയ നടന്നതായി അദ്ദേഹം മനസിലാക്കി. നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കുറച്ച് സമയം ആവശ്യമാണ്. എത്രയും വേഗം ആരോഗ്യകരമായ ജീവിതത്തിലെക്ക് തിരിച്ചുവരുമെന്നും ഡോ. ജോസ് ചാക്കോ പറഞ്ഞു.
പ്രസിദ്ധ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ആറു മണിക്കൂറിലേറെ സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഇരുപതംഗ വൈദ്യസംഘത്തില്‍ ആകെ നാല് ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലായിരുന്ന പാറശാല സ്വദേശിയും തിരുവനന്തപുരം ബാറിലെ അഭിഭാഷകനുമായ അഡ്വ. എസ് നീലകണ്ഠ ശര്‍മയുടെ ഹൃദയമാണ് മാത്യുവിന് നല്‍കിയത്. നീലകണ്ഠശര്‍മയില്‍നിന്നു ഹൃദയം വേര്‍പെടുത്തി 3.45 മണിക്കൂറിനകം രാത്രി പത്തോടെ മാത്യുവില്‍ ആ ഹൃദയം സ്പന്ദിച്ചു തുടങ്ങി. ഇന്ത്യന്‍ നേവിയുടെ ഐഎന്‍-244 എയര്‍ ആംബുലന്‍സില്‍ വൈകിട്ട് ഏഴരയോടെയാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്.