രോഗനിര്‍ണയത്തിനും നിയന്ത്രണത്തിനും ആദ്യമായി ആരോഗ്യവകുപ്പിന്റെ ആപ്പ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 5 മെയ് 2022 (19:44 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് 'ശൈലി ആപ്പ്' എന്ന ഒരു മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ആരോഗ്യവകുപ്പ് നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയായ പോപ്പുലേഷന്‍ ബേസ്ഡ് സ്‌ക്രീനിംഗ് അഥവാ വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലി ആപ്പ് സജ്ജമാക്കിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ മുപ്പത് വയസിന് മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജിവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന ഹേതുക്കളെ കുറിച്ചുമുള്ള വിവര ശേഖരണം നടത്തുന്നതിന് ആശ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ വേഗത്തില്‍ ശേഖരിച്ച് ക്രോഡീകരിക്കാനാണ് ഇ-ഹെല്‍ത്ത് വഴി ശൈലി ആപ്പ് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, മറ്റ് ജീവിതശൈലീ രോഗങ്ങള്‍, ക്യാന്‍സറുകള്‍ എന്നിവയെകുറിച്ചുള്ള വിവിരണ ശേഖരണമാണ് പ്രാഥമികമായി ഈ ആപ്പ് വഴി നടത്തുന്നത്. ഈ രോഗങ്ങളോടൊപ്പം ഈ രോഗങ്ങളിലേക്ക് നയിക്കുന്ന ജീവിതചര്യകളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നു. രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ ആരോഗ്യ നിലവാരത്തെ കുറിച്ചുള്ള ഒരു സ്‌കോറിംഗ് നടത്തുകയും സ്‌കോര്‍ നാലിന് മുകളിലുള്ള വ്യക്തികളെ ജീവിതശൈലീ രോഗപരിശോധനക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :