Rijisha M.|
Last Updated:
ബുധന്‍, 14 നവംബര്‍ 2018 (08:51 IST)
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ വാർത്ത ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്. പൊലീസിനു മുന്നിൽ കീഴടങ്ങുമെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. എന്നാൽ, അപ്രതീക്ഷിതമായ ആത്മഹത്യയിൽ തകർന്നിരിക്കുകയാണ് ഹരികുമാറിന്റെ കുടുംബം.
ഹരികുമാറിന്റെ മരണവിവരമറിഞ്ഞു വീട്ടിലെത്തിയവര്‍ക്ക് നൊമ്പരമായി അവശേഷിച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച മകന്റെ കുഴിമാടത്തിനു മുകളിലിരുന്ന ജമന്തിപ്പൂവ് ആയിരുന്നു. ജീവനൊടുക്കുന്നതിനു മുന്‍പ് ഹരികുമാര്‍ സ്വന്തം മകനു സമര്‍പ്പിച്ച അവസാന പുഷ്പമായിരുന്നു അതെന്നാണ് എല്ലാവരുടേയും വിലയിരുത്തൽ. കഴിഞ്ഞ ഒന്‍പത് ദിവസമായി പൂട്ടിക്കിടന്ന വീട്ടുവളപ്പിലെ മകന്റെ കുഴിമാടത്തില്‍ വാടാത്ത പൂവ് വയ്‌ക്കണമെങ്കിൽ അത് അവിടെ ഉണ്ടായിരുന്ന
ഹരികുമാർ തന്നെയാകുമെന്ന് അവർ വിശ്വസിക്കുന്നു.
അസുഖ ബാധിതനായിട്ടാണ് മൂത്ത മകന്‍ അഖില്‍ ഹരി വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചത്. ഇതിനു ശേഷം നാളുകളോളം ഹരികുമാര്‍ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാര്‍ പറയുന്നു. ക്യാന്‍സര്‍ രോഗം വന്നായിരുന്നു അഖിലിന്റെ മരണം. ഹരികുമാറിനെ ഇന്നലെ സംസ്‌കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്.
'സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം' എന്നാണ് ആത്‌മഹത്യാ കുറിപ്പിൽ ഹരികുമാർ കുറിച്ചത്. പാന്റ്സിന്റെ പോക്കറ്റില്‍ നിന്നുമാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല സനലിനെ ഹരികുമാര്‍ പിടിച്ചു തള്ളിയതെന്ന വാദമാണ് ബന്ധുക്കള്‍ക്കും ഉള്ളത്.
കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന വീട്ടില്‍ ഇന്നലെ രാത്രിയോടെയാണ് ഹരികുമാര്‍ എത്തിയത്. ഈ വീട് കുറച്ചുനാളായി അടഞ്ഞു കിടക്കുകയായിരുന്നു. നെയ്യാറ്റിൻകരയിലെ വീട്ടിലാണ് ഹരികുമാർ കുടുംബസമേതം താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് ഹരികുമാർ നന്ദാവനമെന്ന വീട്ടിൽ എത്തിയത്. രാവിലെയാണ് തൂങ്ങിമരിച്ച വിവരം എല്ലാവരും അറിയുന്നത്.
ഭാര്യയുടെ അമ്മ വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഡിവൈഎസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഈ വീടിനു തൊട്ടടുത്താണു ഭാര്യയുടെ അമ്മ താമസിക്കുന്നത്.