യുവതിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 23 ഒക്‌ടോബര്‍ 2022 (18:02 IST)
പാലക്കാട്: ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിന്ന യുവതിയെ തിരുനെല്ലായിയിലെ അവരുടെ വീട്ടിൽ ഇറക്കി തരാം എന്ന് വിശ്വസിപ്പിച്ചു ഓട്ടോറിക്ഷയിൽ കയറ്റി തെറ്റായ വഴിയിലൂടെ ബലമായി കൊണ്ടുപോവുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചടനാംകുറിശി ചിറയ്ക്കൽ വീട്ടിൽ അർസൽ എന്ന ഇരുപത്തേഴുകാരനാണ് പോലീസിന്റെ വലയിലായത്.

ഈ മാസം ഒമ്പതിന് വൈകിട്ട് അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തിരുനെല്ലായിയിലേക്ക് പോകുന്നതിനു പകരം ഇയാൾ യുവതിയെ കുരുടിക്കാറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാൾ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഒരുവിധത്തിൽ യുവതി ഓട്ടോയിൽ നിന്ന് രക്ഷപ്പെട്ട ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെയും ഓട്ടോറിക്ഷയെയും പോലീസ് തിരിച്ചറിഞ്ഞത്. പ്രതി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളും ജയിൽ ശിക്ഷ അനുഭവിച്ചയാളും ആണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :