അഭിറാം മനോഹർ|
Last Modified ഞായര്‍, 2 ഏപ്രില്‍ 2023 (09:55 IST)
കാര്യക്ഷമതയില്ലാത്ത കെഎസ്ആർടിസിക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ദക്ഷിണേന്ത്യയിലെ ഏറ്റവും നഷ്ടത്തിൽ പ്രവർത്തിക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് കെഎസ്ആർടിസി. എന്നാൽ ഇതിനെ മറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ പോലെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾക്ക് നേരെ ജീവനക്കാർ മുഖം തിരിച്ചുനിൽക്കുകയാണെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ജീവനക്കാരുടെ ശമ്പളവിതരണ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഫെബ്രുവരി 22 വരെയുള്ള കണക്ക് പ്രകാരം സാമ്പത്തികവർഷത്തീൽ 1315.005 കോടി രൂപയുടെ സഹായം കെഎസ്ആർടിസിക്ക് നൽകി. ശമ്പളമടക്കം നൽകാനായി ഇതിന് പുറമെ 50 കോടിയും പെൻഷനിനായി 62.67 കോടിയും ഈ മാസം അനുവദിക്കുന്നുണ്ട്. സർക്കാർ വകുപ്പിൽ നിന്നും സ്വതന്ത്ര്യമായ സ്ഥാപനമാണ് കെഎസ്ആർടിസി. ഇത്തരം സ്ഥാപനങ്ങളുടെ ദൈന്യംദിന കാര്യങ്ങൾക്ക് സഹായം നൽകാൻ സർക്കാരിന് ബാധ്യതയില്ല.
പുരാതനകാലത്തെ ഡ്യൂട്ടി സമ്പ്രദായമാണ് കെഎസ്ആർടിസിയിൽ ഇപ്പോഴുമുള്ളത്. പരിഷ്കാരങ്ങളെ ജീവനക്കാർ എതിർക്കുന്നു. ഇത് ഉത്പാദനക്ഷമത കുറയ്ക്കുന്നു. പരിഷ്കാരശ്രമങ്ങളെ തടയാൻ ജീവനക്കാർ കോടതികളെ ആശ്രയിക്കുന്ന രീതിയാണുള്ളത്. സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.