അഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (14:29 IST)
വീടില്ലാത്ത ഏഴാം ക്ലാസുകാരനെ ചേർത്ത്പിടിച്ച് പത്തനാപുരം
എംഎൽഎ ഗണേഷ് കുമാർ. വീടില്ലാതെ വിഷമിക്കുന്ന അമ്മയെയും മകനെയും ചേർത്തുനിർത്തിയ ഗണേഷ്കുമാർ എംഎൽഎ കുട്ടിക്ക് പഠനസൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാക്കുമെന്നും ഒരു വീട് നിർമിച്ച് നൽകുമെന്നും ഉറപ്പ് നൽകി. പത്തനപുരം കമുകുംചേരി സ്വദേശിയായ അഞ്ചുവിനും ഏഴാം ക്ലാസുകാരൻ മകൻ അർജുനുമാണ് ഗണേഷ് കൈത്താങ്ങായത്.
വീടുവെച്ച് നൽകുന്ന പദ്ധതികൾ നടപ്പിലാക്കാറുണ്ട്. പലപ്പോഴും ഒറ്റപ്പെട്ടുപോയ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമാണ് സഹായമെത്തിക്കാറ്. അങ്ങനെ ഒരു ദിവസം കമുകുംചേരിയിലെ നവധാരയുടെ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് ജില്ലാ പഞ്ചായത്ത് മെമ്പറായ സുനിത രാജേഷ് ഈ കുട്ടിയുടെ കാര്യം പറയുന്നത്. പഠിക്കാൻ മിടുക്കനാണെന്നും എന്നാൽ അമ്മയ്ക്കും അവനും ഒരു വീടുല്ലാത്ത അവസ്ഥയാണെന്നും പറഞ്ഞു.ലൈഫ് പദ്ധതിയിൽ അവർക്ക് വീട് ലഭിക്കാത്തതിൻ്റെ പ്രശ്നമുണ്ട്. അങ്ങനെയാണ് അമ്മയേയും മകനെയും കാണുന്നതും വീട് വെച്ച് നൽകാൻ തീരുമാനിക്കുന്നത്.എത്രയും വേഗം വീട് പൂർത്തിയാക്കി നൽകും. ഗണേഷ് പറഞ്ഞു.
ഏഴാം ക്ലാസുകാരനായ അർജുനെ ചേർത്തുപിടിച്ച ഗണേഷ്കുമാർ എംഎൽഎ ഇവനെ എൻ്റെ നാലാമത്തെ കുട്ടിയെ പോലെ നോക്കുമെന്നും എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിക്കുമെന്നും വ്യക്തമാക്കി. എൻ്റെ സ്വപ്നത്തിൽ ഇവൻ സിവിൽ സർവീസ് ഒക്കെ പാസായി മിടുക്കനായി വരുന്നത് കാണണം. അർജുനെ ചേർത്തുപിടിച്ചുകൊണ്ട് ഗണേഷ് പറഞ്ഞു. കണ്ടുനിന്നിരുന്നവരുടെയും കണ്ണുകളിൽ നനയിക്കുന്നതായിരുന്നു ഈ ദൃശ്യങ്ങൾ.