ഗജരാജന്‍ പാമ്പാടി രാജന്‍ വളരുന്നത് താഴോട്ടാണ്!

കോട്ടയം| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (10:23 IST)
ഗജരാജന്‍ പാമ്പാടി രാജന്‍ വളരുന്നത് താഴോട്ടാണെന്ന് റിപ്പോര്‍ട്ട്. ആനപ്രേമികള്‍ കോപിക്കരുത്. വനം‌വകുപ്പിന്റേതാണ് ഈ റിപ്പോര്‍ട്ട്.
പാമ്പാടി രാജന്റെ ഉയരവും നീളവും കുറഞ്ഞതായാണ് വനംവകുപ്പ് രേഖ വ്യക്തമാക്കുന്നത്. 2006 ഫെബ്രുവരി 27-ന് വനംവകുപ്പ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കാനായി നടത്തിയ സര്‍വേയില്‍ പാമ്പാടി രാജന് 315 സെ.മീ. ഉയരം, നീളം 390 സെ.മീ, കൊമ്പിന്റെ നീളം 153 സെ.മീ. എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2012 മാര്‍ച്ച് 29ന് നടത്തിയ പരിശോധനയില്‍ ഉയരം 6.6 സെ.മീ. കുറഞ്ഞ് 308.4 സെ.മീ. ആയെന്നാണ് കണ്ടെത്തിയത്. നീളം 75 സെ.മീ. കുറഞ്ഞ് 315 സെന്റീമീറ്ററായി. കൊമ്പിന്റെ നീളം മാത്രം ഏഴു സെ.മീ. വളര്‍ന്ന് 160 സെ.മീ. ആയിട്ടുണ്ട്.

കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലാണ് രണ്ട് പരിശോധനകളും നടന്നത്. കേരള ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപാര്‍ട്മെന്റ് നല്‍കുന്ന ഡാറ്റാബുക്കിലാണ് രേഖപ്പെടുത്തിയ ആനയുടെ ഉയരവും നീളവും കുറഞ്ഞത് ആനപ്രേമികളെ ആശങ്കയിലാക്കിയിട്ടുണ്ട്. കേരളത്തിലെ ചില ഗജമേളകളില്‍ വനംവകുപ്പ് നല്‍കുന്ന ഓണര്‍ഷിപ് സര്‍ടിഫിക്കറ്റിലെ ഉയരം അനുസരിച്ചാണ് പട്ടം തീരുമാനിക്കുന്നത്.

നിലവില്‍ കേരളത്തില്‍ നാട്ടാനകളില്‍ ഏറ്റവും ഉയരംകൂടിയ നാട്ടാനയാണ് പാമ്പാടി രാജന്‍. ആനയുടെ ഉയരം ബോധപൂര്‍വം കുറച്ചുകാണിക്കാനുള്ള വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നീക്കമാണ് ഇതിനുപിന്നിലെന്നാണ് രാജന്റെ ആരാധകരുടെ ആരോപണം. 1977ല്‍ കോടനാട്ട് ആനപ്പന്തിയില്‍ നിന്നാണ് പാമ്പാടി മൂടന്‍കല്ലുങ്കല്‍ പരേതനായ ബേബിച്ചന്‍ മൂന്നുവയസുള്ള രാജനെ വാങ്ങിയത്. പിന്നീട് തൃശൂര്‍ പൂരത്തിന് എഴുന്നെള്ളിച്ച് തുടങ്ങിയതോടെയാണ് പാമ്പാടി രാജന്‍ ആനപ്രേമികളുടെ മനം കവര്‍ന്നു തുടങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :