കൊച്ചി|
VISHNU.NL|
Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (18:12 IST)
സംസ്ഥാനത്ത് അടുത്ത അടുത്ത 48 മണിക്കൂര്‍ കൂടി ശക്തമായ
മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമ ബംഗാള്‍ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദ മേഖലയും പടിഞ്ഞാറന്‍ തീരത്തെ മണ്‍സൂണ്‍ പാത്തിയുമാണ് മഴ ശക്തമായി തുടരാന്‍ ഇടയാക്കിയത്.
എട്ടാം തീയതിവരെ സംസ്ഥാനത്ത് വ്യാപകമായ മഴകിട്ടും. അതിന് ശേഷം കാലവര്‍ഷത്തിന്റെ ശക്തി കുറയാനാണ് ഇടയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ശക്തമായതോടെ
പ്രധാന സംഭരണികളിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു.
ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 42.64 ശതമാനം വെള്ളമുണ്ട്. ശബരിഗിരിയില്‍
44.46 ശതമാനം വെള്ളമാണുള്ളത്. ഇടമലയാറില്‍ 58, ഷോളയാറില്‍ 55 ശതമാനം വീതമാണ് ജലനിരപ്പ്. സംസ്ഥാനത്താകെയുള്ള സംഭരണികളുടെ 49 ശതമാനം ജലം ഉണ്ട്.
2012 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണിത്.
ഇന്നലെമാത്രം 84 മില്യണ്‍ യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള ജലം സംഭരണികളിലേക്ക് ഒഴുകിയെത്തി.
ഇതോടെ വൈദ്യുതി മേഖലക്ക് അല്‍പ്പം ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം കനത്ത മഴ തുടരുമെന്ന് അറിയിപ്പ് ലഭിച്ചതൊടെ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ മലയോര പ്രദേശങ്ങളിലും നല്ല മഴ കിട്ടുന്നുണ്ട്. മഴയേ തുടര്‍ന്ന് കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി നല്‍കിയിട്ടുണ്ട്.
അതേസമയം, മലബാറില്‍ കാലവര്‍ഷത്തിന് ശക്തി കുറഞ്ഞിട്ടുണ്ട്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്.
പീരുമേട്ടില്‍ 17, ഇടുക്കിയില്‍ 10, മൂന്നാറില്‍ 9 സെന്റീമീറ്റര്‍ വീതം മഴ കിട്ടി. പ്രധാനപ്പെട്ട സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്.