വിവാഹ നിശ്ചയത്തിന് ബന്ധുക്കളായി ദിവസക്കൂലിക്കാരെ കൊണ്ടുവന്നു, പ്രതിശ്രുത വധുവിന്റെ വീട്ടുകാരില്‍ നിന്ന് പിതാവ് അത്യാസന്ന നിലയിലാണെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയെടുത്തു; ഒടുവില്‍ അക്ഷയ് പിടിയില്‍ !

രേണുക വേണു| Last Modified വെള്ളി, 11 മാര്‍ച്ച് 2022 (10:54 IST)

സ്വകാര്യ കമ്പനിയില്‍
ഉയര്‍ന്ന ജോലിക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം നിശ്ചയിച്ച് പ്രതിശ്രുത വധുവിന്റെ വീട്ടുകാരില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു പേര്‍ പിടിയില്‍. കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡില്‍ നോട്ടിക്കണ്ടത്തില്‍ അക്ഷയ് (30), കൊല്ലം കരുവല്ലൂര്‍ സ്വദേശി അജയ് (40) എന്നിവരാണ് പിടിയിലായത്. ചങ്ങരംകുളം സി.ഐ. ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ചങ്ങരംകുളം സ്വദേശിനിയുമായി അക്ഷയ് കല്യാണമുറപ്പിച്ച ശേഷം പിതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. അക്ഷയും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം ആര്‍ഭാടമായി നടന്നിരുന്നു. പണം നല്‍കിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ചതിക്കപ്പെട്ട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കി.

വിവാഹനിശ്ചയത്തിനു വരന്റെ ബന്ധുക്കളായി എത്തിയവരെയെല്ലാം അക്ഷയ് ദിവസക്കൂലിക്ക് കൊണ്ടുവന്നതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

പ്രതികളായ ഇരുവരും കേരളത്തിലെ വിവിധ ജില്ലകളിലായി 15 ഓളം വിസ തട്ടിപ്പ് കേസുകളിലായി രണ്ടര കോടി രൂപ പലരില്‍ നിന്നും തട്ടിയതാണെന്നും പൊലീസിന് വ്യക്തമായി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :