വൈദികൻ ചമഞ്ഞു വിധവയിൽ നിന്ന് പണം തട്ടിയ 42കാരൻ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (10:04 IST)
വെള്ളറട: വൈദികൻ ചമഞ്ഞു വിധവയിൽ നിന്ന് പണം തട്ടിയ 42കാരനെ പോലീസ് അറസ്റ് ചെയ്തു. കാഞ്ഞിരംകുളം ചാനി പണ്ടാരവിള കനാൽ കോട്ടേജിൽ ഷിബു എസ്‌.നായരാണ് പിടിയിലായത്. വൈദികൻ ചമഞ്ഞു പള്ളിയിൽ നിന്ന് ധനസഹായം നൽകാമെന്ന് വിശ്വസിപ്പിച്ചു കുന്നത്തുകാൽ മാണിനാട് കുണ്ടറത്തല വിളാകം വീട്ടിൽ പരേതനായ ബെഞ്ചമിന്റെ ഭാര്യ ശാന്തയെ (64) കബളിപ്പിച്ചു 14700 രൂപ തട്ടിയെടുത്ത് എന്നാണ് കേസ്.

പള്ളിയിലെ പുരോഹിതനാണ് താൻ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. നിർധന വിധവകൾക്ക് ഇടവക ധനസഹായമായി പത്ത് ലക്ഷം രൂപ നൽകുന്നുണ്ടെന്നും ശാന്തയുടെ പേരും ഈ പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. തുക ലഭിക്കാനായി ആദ്യം ഇടവക അനാഥമന്ദിര ഫണ്ടിലേക്ക് 14700 രൂപ മുൻകൂറായി അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ശാന്തയിൽ നിന്ന് തുക തട്ടിയെടുത്തത്.

ഒരു മാസം മുമ്പായിരുന്നു ഇവരുടെ ഭർത്താവ് മരിച്ചത്. ചികിത്സയിൽ ഏറെ സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിഞ്ഞിരുന്ന ഇവരിൽ നിന്നാണ് പണം തട്ടിയെടുത്തത്. എന്നാൽ പിന്നീട് ഇയാളെ കുറിച്ച് വിവരം ഒന്നും ലഭിക്കാത്തതിനാൽ ശാന്ത പോലീസിൽ പരാതി നൽകി.

പോലീസ് പിടികൂടിയ ഇയാൾ സ്റ്റേഷൻ സെല്ലിൽ കിടന്ന് അസഭ്യം പറയുകയും അവിടെ മലമൂത്ര വിസർജ്ജനം നടത്തിയ ശേഷം അത് തങ്ങൾക്ക് നേരെ വലിച്ചെറിഞ്ഞതായും പോലീസുകാർ പറയുന്നു. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പിനും മോഷണത്തിനും നിരവധി പരാതികളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :