ഫാറൂഖ് കോളജിലെ ലിംഗ വിവേചനത്തിനെതിരെ പ്രതികരിച്ച അധ്യാപകനെ പുറത്താക്കി...!

കോട്ടയം| VISHNU N L| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (18:41 IST)
കോഴിക്കോട് ഫാറൂഖ് കോളജിലെ ലിംഗ വിവേചനത്തിനെതിരെ പ്രതികരിച്ച അധ്യാപകനെ കോളജില്‍ നിന്ന് പുറത്താക്കി.
കോഴിക്കോട് അരീക്കോട് സുല്ല മുസലാം സയന്‍സ് കോളജിലെ അധ്യാപകന്‍ ഷഫീഖിനെയാണ് പുറത്താക്കിയത്. ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കൂടിയാണ് വിവരം അറിയിച്ചത്.

ലിംഗ വിവേചനത്തിനെതിരെ പ്രതികരിച്ച ദിനു എന്ന വിദ്യാര്‍ത്ഥിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് അധ്യാപകനെ കോളജ് അധികൃതര്‍ പുറത്താക്കിയത്. എന്നാല്‍ പുറത്താക്കിയതിന്റെ രേഖാമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.

ജോലി നഷ്ടപ്പെട്ടതില്‍ വിഷമമില്ലെന്നും എന്തിനാണ് പിരിച്ചുവിട്ടതെന്ന് ചോദിക്കുമ്പോള്‍ അത് ഫാറൂഖ് കോളജിലെ വിഷയത്തില്‍ കമന്റ് ഇട്ടതിനാണ് എന്നായിരുന്നു മറുപടി ലഭിച്ചതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ പിന്തുണയ്ക്കുന്നത് തെറ്റല്ലേ എന്ന് ചോദിക്കുന്നവരോട് എന്ത് മറുപടിയാണ് പറയുക എന്ന് അദ്ദേഹം ചോദിക്കുന്നു.

എന്റെ ജോലി പോയതിനേക്കള്‍ ഭീകരമായ അവസ്ഥയാണ് ഇത്. ഇനി മറ്റൊരു ജോലി കിട്ടാനും ബുദ്ധിമുട്ടാണ്. ചിന്തിക്കുന്നവരെ ഭയപ്പെടുത്തുകയാണ് ഫാസിസത്തിന്റെ നടപ്പ് രീതിയെന്നും ഷഫീഖ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫ്രീഡം ആസാദ് എന്ന പേരിലാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :