ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബഞ്ചിലിരുന്നാല്‍ എന്ത് സംഭവിക്കാനാണ്; ഫാറൂഖ് കോളജ് മാനേജ്മെന്റിനെതിരെ വി ടി ബല്‍റാം

വി ടി ബല്‍റാം എംഎല്‍എ , കോഴിക്കോട് ഫാറൂഖ് കോളജ്  , സസ്‌പെന്‍ഡ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (14:30 IST)
ഒരു ബഞ്ചില്‍ ഒന്നിച്ചിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സസ്‌പെന്‍ഡ് ചെയ്‌ത കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്മെന്റിനെതിരെ വി ടി ബല്‍റാം എംഎല്‍എ. സ്വന്തം സ്ഥാപനമാണെന്നു കരുതി മാനേജ്‌മെന്റുകള്‍ക്ക് എന്തും ചെയ്യാനുള്ള അവകാശം അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. കേരളം പൊതുവിൽ കൈവരിച്ച പുരോഗമന മൂല്ല്യങ്ങൾക്ക് വിപരീതമായ ദിശയിലേക്ക് ക്യാമ്പസുകളെയും പൊതു ഇടങ്ങളേയും തിരിച്ച് നടത്താൻ ശ്രമിക്കുന്നവർ ആരായിരുന്നാലും അവർ ഫാസിസത്തിന് പരവതാനി വിരിക്കുകയാണെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചൊരു ബഞ്ചിലിരുന്നു എന്നാക്ഷേപിച്ച് കോഴിക്കോട് ഫാറൂഖ് കോളേജിൽ എട്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തെന്ന വാർത്ത ശരിയാണെങ്കിൽ അങ്ങേയറ്റം പ്രതിഷേധാർഹമാണത്. നേരത്തെയും ഈ കോളേജിൽ നിന്ന് സദാചാര പോലീസിങ്ങിനെക്കുറിച്ചും ആണ്‍ പെണ്‍ സൗഹൃദങ്ങളെ മതിൽ കെട്ടിത്തിരിക്കുന്ന സംഭവങ്ങളെക്കുറിച്ചും വാർത്തകൾ വന്നിരുന്നു.

കോളേജിൽ ഇത്തരത്തിലുള്ള നിയമങ്ങൾ ലിഖിതമായോ അലിഖിതമായോ ഉണ്ടെങ്കിൽത്തന്നെ അതൊരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒരു ന്യായീകരണമല്ല. മാനേജ്മെന്റ്റ് സ്ഥാപനങ്ങളായാലും ഒട്ടോനോമസ് സ്ഥാപനങ്ങളായാലും അവിടെ എന്തും ചെയ്യാനുള്ള അവകാശം അനുവദിച്ച് കൊടുക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണം.

കേരളം പൊതുവിൽ കൈവരിച്ച പുരോഗമന മൂല്ല്യങ്ങൾക്ക് വിപരീതമായ ദിശയിലേക്ക് ക്യാമ്പസുകളെയും പൊതു ഇടങ്ങളേയും തിരിച്ച് നടത്താൻ ശ്രമിക്കുന്നവർ ആരായിരുന്നാലും അവർ ഫാഷിസത്തിന് പരവതാനി വിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :