ബെൾത്ത് പാറുന്നവർക്ക് അപൂർവ്വ വൃക്കരോഗം പടരുന്നു, ഞെട്ടിക്കുന്ന കണ്ടെത്തലുമായി ആസ്റ്റർ മിംസിലെ ഡോക്ടർമാർ

അഭിറാം മനോഹർ| Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (14:42 IST)
സംസ്ഥാനത്ത് അടുത്തിടെയാണ് വെളുക്കാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ വ്യാപകമായത്. സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും വലിയ തോതിലാണ് ഇത്തരം ക്രീമുകളുടെ ഉപയോഗം വര്‍ധിച്ചത്. എന്നാല്‍ ഇത്തരം ക്രീമുകളുടെ ഉപയോഗം മൂലം സംസ്ഥാനത്ത് ഗുരുതരമായ വൃക്കരോഗം വ്യാപകമാകുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് മലപ്പുറം ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത് നാരായണനും. വൃക്കരോഗികളില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.


കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെത്തിയ വൃക്കരോഗികളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് കണ്ടെത്തല്‍ ഫേഷ്യല്‍ ക്രീമുകളിലേക്ക് നീണ്ടത്. ആശുപതിയിലെത്തിയ രോഗികളുടെ മൂത്രത്തില്‍ ചെറിയ പതയും ശരീരത്തില്‍ നീരുമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗികളില്‍ മെര്‍ക്കുറി,ഈയം,കാഡ്മിയം,ആഴ്‌സനിക് എന്നീ മൂലകങ്ങളുടെ അളവ് അനുവദനീയമായതിലും പല മടങ്ങ് കാണപ്പെട്ടു. രോഗികളെല്ലാവരും തന്നെ ഒരേ തരത്തിലുള്ള വിവിധ ബ്രാന്‍ഡുകളുടെ ഫേഷ്യല്‍ ക്രീമായിരുന്നു ഉപയോഗിച്ചിരുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുമാണ് കേരളത്തില്‍ വ്യാപകമായി ഇത്തരം ഫേഷ്യല്‍ ക്രീമുകള്‍ എത്തുന്നത്. ഇവ ഉപയോഗിക്കുമ്പോള്‍ തുടക്കത്തില്‍ മുഖം വെളുക്കുമെങ്കിലും പിന്നീട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും.

ചൈന, പാകിസ്ഥാന്‍,തുര്‍ക്കി രാജ്യങ്ങളുടെ ലേബലിലാണ് ഉത്പന്നങ്ങള്‍ ഫാന്‍സി കടകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും വില്‍പ്പന നടത്തുന്നത്. മറ്റ് ആശുപത്രികളില്‍ നടത്തിയ അന്വേഷണത്തില്‍ പല ആശുപത്രികളിലും ഇത്തരം രോഗികളെത്തുന്നതായി വ്യക്തമായി. വിഷയം ആരോഗ്യവകുപ്പിനെ ധരിപ്പിച്ചതായും സംഭവത്തില്‍ വലിയ ജാഗ്രത വെണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :