ഇത് പരീക്ഷാക്കാലം; മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങ‌ൾ...

പരീക്ഷയെ പേടിക്കണ്ട; കുട്ടികൾക്ക് പരീക്ഷ എളുപ്പമാകാൻ ചില മാർഗങ്ങളുണ്ട്

aparna shaji| Last Updated: ബുധന്‍, 1 മാര്‍ച്ച് 2017 (11:35 IST)
കുട്ടികള്‍ക്ക്
ഇത് പരീക്ഷാകാലം. ഒപ്പം പരീക്ഷാപ്പനിയുടെ കാലവും. എങ്ങനെയാണെന്ന് അറിയില്ല എന്ന് വന്നാലും എന്റെ മകന് പനി പിടിയ്ക്കും എന്ന് പറയുന്ന രക്ഷിതാക്കൾ കുറവല്ല. മിക്കവര്‍ക്കും പരീക്ഷ എന്നു കേള്‍ക്കുമ്പോഴും അഭിമുഖീകരിക്കുമ്പോഴും എന്തെന്നില്ലാത്ത ഭീതി വലയം ചെയ്യാറുണ്ട്. ഇതിനു പ്രധാന കാരണം രക്ഷാകര്‍ത്താക്കളുടെ തെറ്റായ സമീപനമാണ്.

എന്തിനാ പഠിക്കാതെ പരീക്ഷ എഴുതാന്‍ പോകുന്നത്, നീ ഫുള്‍ മാര്‍ക്ക് വാങ്ങി ജയിച്ചില്ലെങ്കില്‍ അന്നേരം കാണിച്ചു തരാം. അപ്പുറത്തെ അവരുടെ മകനെ കണ്ടുപടിക്ക്, അവനെപ്പോലെ/ അവളെപ്പോലെ നല്ല മാർക്ക് വാങ്ങണം ഇല്ലെങ്കിൽ... എന്നൊക്കെയുള്ള വാക്ശരങ്ങള്‍ കുട്ടികളില്‍ പരീക്ഷാഭീതി ഉണര്‍ത്തുന്നു. ഡിസ്റ്റിങ്ഷന്‍ കിട്ടിയില്ലെങ്കില്‍ ജീവിതം തുലഞ്ഞുവെന്ന മാതാപിതാക്കളുടെ കാഴ്ചപ്പാടുകൾ ഓരോ കുട്ടികളുടെയും ആത്മവിശ്വാസത്തെയാണ് തകർക്കുന്നത്.

24 മണിക്കൂറും കുട്ടികള്‍ പഠിക്കണമെന്നതാണ് പല രക്ഷാകര്‍ത്താക്കളുടെയും ആഗ്രഹം. പരീക്ഷക്ക് വേണ്ടി ഉറക്കമൊഴിച്ച് പഠിക്കുന്നത് നല്ല ശീലമല്ല. അത് ആദ്യം മനസ്സിലാക്കേണ്ടത് മാതാപിതാക്കളാണ്. എനിക്കു നന്നായി ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം ഏതു കാര്യത്തിലും ഉണ്ടായാല്‍ ഫലവും പോസിറ്റീവ് ആയിരിക്കും. പഠനസമയം കുട്ടികളുടെ അടുത്ത് ചില രക്ഷാകര്‍ത്താക്കളെങ്കിലും കാവലിരിക്കാറുണ്ട്. കുട്ടി ഒന്ന് കണ്ണ് ചിമ്മിപ്പോയാല്‍ ഉണരാനായി മുഖത്ത് വെള്ളമൊഴിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ സ്വാതന്ത്യത്തേയും ആത്മവിശ്വാസത്തേയും ആണ് ചോദ്യം ചെയ്യുന്നത്. നന്നായി പഠിച്ചത് പരീക്ഷാസമയത്ത് മറന്നു പോകുന്നതും ഇത്തരത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :