ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 23 ജനുവരി 2017 (18:13 IST)
ഇംഗ്ലണ്ടിനെതിരായ
ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചുവെങ്കിലും നേട്ടമുണ്ടാക്കിയത് കേദാര്‍ ജാദവ് എന്ന ‘ലിറ്റില്‍ മാന്‍’ ആണ്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ പ്രതീക്ഷച്ചതു പോലെ വിരാട് കോഹ്‌ലി തിളങ്ങിയെങ്കിലും ജാദവില്‍ നിന്ന് ഇത്തരമൊരു രാജകീയ പ്രകടനം ആരും പ്രതീക്ഷിച്ചില്ല.
ജാദവിനൊപ്പം തലയുയര്‍ത്തി നില്‍ക്കുന്ന പ്രകടനമാണ് ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് സിംഗിന്റെ ഭാഗത്തു നിന്നുണ്ടായത്. ജാദവ് ടീമിലെ സ്ഥാനം ഒരു പരിധിവരെ ഉറപ്പിച്ചപ്പോള്‍ യുവരാജ് തന്റെ സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാനുള്ള പ്രകടനം കാഴ്‌ചവച്ചു. ഈ പരമ്പരയില്‍ നേട്ടമുണ്ടാക്കിയ മൂന്നാമത്തെ താരം നായകസ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണിയാണ്. രണ്ടാം ഏകദിനത്തില്‍ യുവരാജിനൊപ്പം അദ്ദേഹം നടത്തിയ പ്രകടനം പഴയ മഹിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു.
ആകെ വിലയിരുത്തിയാല്‍ ജാദവിന്റെ പരമ്പരയായിരുന്നു ഇത്. ആദ്യ ഏകദിനത്തില്‍ പരാജയത്തിന്റെ വക്കില്‍ നിന്ന് കോഹ്‌ലിക്കൊപ്പം അദ്ദേഹം നടത്തിയ പ്രകടനം മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയെപ്പോലും അതിശയിപ്പിച്ചു. ഇംഗ്ലീഷ് പേസര്‍മാരെ ധൈര്യപൂര്‍വ്വം നേരിടുന്നതിലും റണ്‍സ് കണ്ടെത്തുന്നതിലും ജാദവിന്റെ മിടുക്ക് കണ്ടറിഞ്ഞു. പപ്പോഴും കോഹ്‌ലിയേക്കാള്‍ അപകടകാരമായ പ്രകടനം പുറത്തെടുക്കാന്‍ ജാദവിനായി.
രണ്ടാം ഏകദിനം യുവരാജിന്റെയും ധോണിയുടെയുമായിരുന്നു. മൂന്ന് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്‌ടപ്പെട്ട് തകര്‍ച്ചയെ നേരിടുമ്പോഴാണ് ഇരുവരും ക്രീസില്‍ ഒത്തുച്ചേര്‍ന്നതും വന്‍ ടോട്ടല്‍ നേടിത്തന്നത്. തന്റെ പ്രതാപകാലത്തെ ഷോട്ടുകള്‍ പുറത്തെടുക്കാന്‍ യുവിക്ക് സാധിച്ചപ്പോള്‍ നായകനല്ലാത്ത ധോണി കൂടുതല്‍ അപകടകാരിയാണെന്ന് തെളിയിക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന് കഴിഞ്ഞു.
അതേസമയം, വിരാട് കോഹ്‌ലിക്ക് വെല്ലുവിളിയുയര്‍ത്തുന്ന പരമ്പര കൂടിയാണ് കടന്നു പോയത്. നല്ല ബോളര്‍മാര്‍ ഇല്ലാത്തത് മത്സരത്തിലാകെ നിഴലിച്ചു നിന്നു. ഫീല്‍ഡിംഗിലും, ബോളര്‍മാരെ ഉപയോഗിക്കുന്ന രീതിയിലും കോഹ്‌ലി വളരേണ്ടതുണ്ട്. മുന്നില്‍ നിന്ന് നയിക്കാന്‍ ശേഷിയുള്ള ബോളര്‍മാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ വിരാട് ധോണിയെ പാഠമാക്കേണ്ടതുണ്ട്.
ഓപ്പണര്‍മാര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് കോഹ്‌ലിക്ക് വെല്ലുവിളിയാകുന്ന മ്റ്റൊരു പ്രശ്‌നം. ചാമ്പ്യന്‍സ് ട്രോഫി അടുത്തിരിക്കെ മികച്ച പ്രകടനം കാഴ്ച്ചവെക്കാത്ത ഓപ്പണിംഗ് കൂട്ടുകെട്ട് ഇല്ലാത്തത് തലവേദന തന്നെയാണ്. ശിഖര്‍ ധവാന്‍ എന്ന വന്‍ ദുരന്തത്തെ ടീമില്‍ നിന്ന് തന്നെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു. മറ്റൊരു ഓപ്പണാറായ ലോകേഷ് രാഹുല്‍ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടപ്പോള്‍ അവസാന ഏകദിനത്തില്‍ അവസരം ലഭിച്ച അജിങ്ക്യ രഹാനെയും നിരാശപ്പെടുത്തി.
രോഹിത്ത് ശര്‍മ്മ ടീമിലേക്ക് തിരിച്ചെത്തിയാല്‍ കോഹ്ലിക്ക് അത് വലിയ ആശ്വാസമാകും. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെയും കൗമാര താരം റിഷാഭ് പന്തിനെയുമെല്ലാം ഓപ്പണിംഗ് നിരയില്‍ പരീക്ഷിക്കാവുന്ന താരങ്ങളാണ്.